മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്‌സലോണയെ ആദ്യ കളിയില്‍ അത്‌ലറ്റിക്കൊ ബില്‍ബാവൊ ഞെട്ടിച്ചു. പത്തു വര്‍ഷത്തിനിടയിലാദ്യമായാണ് ബാഴ്‌സലോണ ലീഗിലെ ഉദ്ഘാടന മത്സരം തോല്‍ക്കുന്നത്. മുപ്പത്തെട്ടുകാരനായ സ്‌ട്രൈക്കര്‍ ആരിറ്റ്‌സ് അസൂരിയുടെ തകര്‍പ്പന്‍ ബൈസികിള്‍ കിക്ക് ഗോളാണ് ബില്‍ബാവോക്ക് 1-0 വിജയം സമ്മാനിച്ചത്. എണ്‍പത്തെട്ടാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ അദൂരിസ് ഒരു മിനിറ്റിനു ശേഷമാണ് ഗോളടിച്ചത്. അദൂരിസിന്റെ അവസാന സീസണാണ് ഇത്. കഴിഞ്ഞ 10 സീസണിലും ബാഴ്‌സലോണ വിജയത്തോടെയാണ് ലീഗ് ആരംഭിച്ചത്.
ലിയണല്‍ മെസ്സി പരിക്കേറ്റു വിട്ടുനിന്ന കളിയില്‍ പുതുതായെത്തിയ ആന്റോയ്ന്‍ ഗ്രീസ്മാന് ബാഴ്‌സലോണക്ക് ആവേശം പകരാനായില്ല. ഗ്രീസ്മാന്‍ ചിത്രത്തിലേയുണ്ടായിരുന്നില്ല. അവസാന മിനിറ്റിലാണ് ഏക അവസരം കിട്ടിയത്. പരിക്കു കാരണം ലൂയിസ് സോറസ് രണ്ടാം പകുതിയില്‍ കളിച്ചിരുന്നില്ല. ബയേണ്‍ മ്യൂണിക്കിലേക്ക് പോവുന്ന ഫിലിപ് കൗടിഞ്ഞോയും ഇറങ്ങിയില്ല. ബാഴ്‌സലോണയാണ് നിരവധി അവസരങ്ങള്‍ ഒരുക്കിയത്. പലതവണ പോസ്റ്റിനു തട്ടി ഷോട്ടുകള്‍ മടങ്ങി.