എടക്കര - കവളപ്പാറയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നിർത്തിയിടത്ത് വീണ്ടും നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി പുറത്തെടുത്തു.
ഉരുൾപൊട്ടലിൽ മരിച്ച തെക്കേ ചരുവിൽ ദേവയാനി(82)യുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. റസ്ക്യൂ വണ്ണിൽ തിരച്ചിൽ നടത്തി രണ്ടു മൃതദേഹങ്ങൾ കണ്ടെടുക്കുകയും തിരച്ചിൽ നിർത്തുകയും ചെയ്തിടത്തു നിന്നാണ് ദേവയാനിയുടെ മൃതദേഹം കണ്ടെടുത്തത്. ദേവയാനിയുടെ മകൻ സത്യന്റെ നിസ്സഹായാവസ്ഥ കണ്ട തൃശൂരിലെ സന്നദ്ധ സംഘടനാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുക്കാൻ തേതൃത്വം നൽകിയത്.
കൊടുങ്ങല്ലൂർ എം.എസ്.എസ് സോഷ്യൽ ആക്ഷൻ ഫോറം, പുത്തൻചിറ ടച്ച് ചാരിറ്റബിൾ ട്രസ്റ്റ്, കോസ്റ്റൽ പോലീസ് കടലോര ജാഗ്രതാ സമിതി, കനിവ് നെടുങ്ങാണം, കരിങ്ങോച്ചിറ കൂട്ടായ്മ തുടങ്ങിയ സന്നദ്ധ സംഘടനകളിലെ പതിനാറംഗങ്ങൾ ചേർന്നാണ് ദേവയാനിയുടെ മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തിന്റെ ആദ്യദിനം മുതൽ ഇവർ രക്ഷാ പ്രവർത്തനങ്ങളിൽ കർമനിരതരായുണ്ട്.
കഴിഞ്ഞ ദിവസം നാട്ടിൽ പോയി സംഘം വെള്ളിയാഴ്ച മടങ്ങിയെത്തിയപ്പോഴാണ് ദുരന്തത്തിൽ മാതാവും സഹോദരിയും സഹോദരീ പുത്രനും നഷ്ടപ്പെട്ട സത്യന്റെ ദുരവസ്ഥ കാണുന്നത്. സഹോദരി രാഗിണി, മകൻ പ്രിയദർശൻ എന്നിവരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ വൃദ്ധമാതാവ് ദേവയാനിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൂന്നു ദിവസം മുമ്പ് ഈ ഭാഗത്ത് തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. സത്യന്റെ സങ്കടാവസ്ഥ കണ്ട സംഘം നിലമ്പൂർ അഡീഷണൽ എസ്.ഐ കെ.എ അബ്ബാസിനെ കണ്ടു മണ്ണു മാന്ത്രി യന്ത്രം തരപ്പെടുത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വടംകെട്ടി അതിസാഹസികമായാണ് സംഘം തിരച്ചിൽ ആരംഭിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ഇവിടെ നിന്നു മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയ കണ്ണീരണിഞ്ഞ നിമിഷം ഒരിറ്റു സന്തോഷത്തിന്റേതു കൂടിയായി മാറിയെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. കിട്ടില്ലെന്നു കരുതിയ വൃദ്ധമാതാവിന്റെ മൃതദേഹം വീണ്ടെടുക്കാനായതാണ് സന്തോഷത്തിനു കാരണമായത്. കവളപ്പാറ ദുരന്തത്തിൽ പതിനൊന്ന് മൃതദേഹങ്ങളാണ് ഈ സംഘം കണ്ടെത്തിയത്. സന്നദ്ധ സംഘടനകളിലെ പ്രവർത്തകരായ എം.എസ്.എസ് ലീഡിംഗ് ഓഫീസർ സാലി സജീർ, ജില്ലാ കോ-ഓർഡിനേറ്റർ വി.കെ റാഫി, കോസ്റ്റൽ പോലീസ് ഹാരിസ് പള്ളിപ്പറമ്പിൽ, അബ്ദുൽ സലാം പുത്തൻചിറ, അഷ്റഫ് കരിങ്ങോച്ചിറ, മത്സ്യത്തൊഴിലാളി ഫൈസൽ, ഷെമീർ കുന്നത്തേരി, അറുപതുകാരനായ അപ്പുക്കുട്ടൻ കുന്നത്തേരി, കരുവാരകുണ്ട് ട്രോമാ കെയർ അംഗം ഹാരിസ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.