കൊൽക്കത്ത- നാല് തവണ എം എൽ എ ആയിരുന്നു ജമാദാർ. പക്ഷെ, പറഞ്ഞിട്ടെന്ത് കാര്യം?. ഇന്ന് ഒരു നേരത്തെ വിശപ്പടക്കണമെങ്കിൽ ആരെങ്കിലും കനിയണം. തകർന്നു വീഴാറായ വീട്ടിൽ കുടുംബവുമൊത്ത് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പെടാ പാട് പെടുന്ന ഇദ്ദേഹം ഒരു കാലത്ത് സംസ്ഥാനത്തെ അറിയപ്പെടുന്ന സി പി എം നേതാവും അവശേഷിക്കുന്ന മുതിർന്ന പാർട്ടി നേതാവുമാണ്. ഒരു കാലത്ത് സംസ്ഥാനം അടക്കി ഭരിച്ചിരുന്ന പാർട്ടിയുടെ സമുന്നത നേതാവ് കൂടിയായിരുന്ന ബാദൽ ജമാദാർ എന്ന സി പി എം നേതാവിന്റെ ദുരിത കഥയാണ് ബംഗാളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദക്ഷിണ പർഗാന ജില്ലയിലുള്ള ബംഗാർ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി നാല് തവണയാണ് ഇദ്ദേഹം നിയമ സഭയിൽ എത്തിയത്. സി പി എമ്മിനെ പശ്ചിമ ബംഗാളിൽ നിന്നും തുടച്ചു നീക്കിയ 2011 ലെ തിരഞ്ഞെടുപ്പിൽ പോലും സി.പി.എം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ ജന സമ്മിതി ഊഹിക്കാവുന്നതാണ്. അനാരോഗ്യം കാരണം 2016ലെ തെരഞ്ഞെടുപ്പിൽ നിന്നും ബാദൽ ജമാദാർ വിട്ടു നിൽക്കുകയായിരുന്നു.
പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം, ഇന്ന് ജീവിതം തന്നെ കനത്ത ഭാരമായാണ് ഈ നേതാവിന്റെ കുടുംബം കഴിഞ്ഞു പോരുന്നത്. 1991ലാണ് ജമാദാർ ആദ്യമായി അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 34 വർഷത്തെ നീണ്ട ബംഗാളിലെ സി പി എം ഭരണത്തിന് അന്ത്യം കുറിച്ച തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കം കടപുഴകിയ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടി കാരണം ഒരു എം.എൽ.എക്ക് അനുവദിക്കപ്പട്ടിരുന്ന സൗകര്യങ്ങളൊന്നും തന്നെ ജമാദാർ സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മകൻ അനാറുൽ വ്യക്തമാക്കുന്നു. ഓട്ടോറിക്ഷയിലും സെെക്കിൾറിക്ഷയിലുമായിരുന്നുവത്രേ എം.എല്‍.എയായിരിക്കെ അന്ന് നിയമസഭയിൽ പോയിരുന്നത്.
ഇന്ന് ഒരു നേരത്തെ, ഭക്ഷണത്തിനു പോലും വകയില്ലാതെ കഴിയുന്ന ഇദ്ദേഹത്തെ പാർട്ടി കണ്ടില്ലെന്ന മട്ടിലാണ്. കിഡ്‌നി രോഗിയായ മകന്റെ ഭാരിച്ച ചികിത്സാ ചിലവ് ഒരു ഭാഗത്തുണ്ടാകുമ്പോൾ മാസം തോറും ലഭിക്കുന്ന 9,500 രൂപ പെൻഷൻ മാത്രമാണ് ചികിത്സക്കും വീട്ടു ചെലവുകൾക്കുമായുള്ളത്. ജീവിതം മുഴുവൻ പാർട്ടിക്ക് വേണ്ടി നീക്കിവെച്ച ഇദ്ദേഹത്തെ നേതാക്കൾ തിരിഞ്ഞു നോക്കാറേയില്ലെന്ന് ഭാര്യ റിസിയ പരിതപിക്കുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ വിഷയം പാർട്ടി ഉന്നത തല നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം തുഷാർ ഘോഷ് പറഞ്ഞു.