മെല്‍ബണ്‍- ഓസ്‌ട്രേലിയയില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ കമലാസനന്റെ ശിക്ഷയില്‍ മൂന്ന് വര്‍ഷത്തെ ഇളവ്. ഭര്‍ത്താവിനെ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി കൊല്ലാന്‍ മുന്‍ കാമുകിയ സഹായിച്ച കുറ്റത്തിനാണ് ഇയാളെ ശിക്ഷിച്ചിരുന്നത്.
അരുണിന് 27 വര്‍ഷവും സാമിന്റെ ഭാര്യ സോഫിയക്ക് 22 വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരുന്നത്. 2015 ല്‍ സാം അബ്രഹാമിന്റെ മെല്‍ബണ്‍ എപ്പിംഗിലെ കുടുംബ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.
സാം എബ്രഹാമും സോഫിയയും
കേസുകളില്‍ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും അതിനാല്‍ കുറ്റക്കാരിയെന്ന ജൂറി കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സോഫിയ സാം നല്‍കിയ അപ്പീല്‍ കോടതി തള്ളി. അരുണിന് 23 വര്‍ഷവും സോഫിയക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ അനുവദിച്ച കോടതി അരുണ്‍ കമലാസനന്റെ ശിക്ഷ 24 വര്‍ഷമായാണ് കുറച്ചത്. 20 വര്‍ഷം കഴിഞ്ഞ് അരുണിന് പരോള്‍ ലഭിക്കുമെന്നും മൂന്നംഗ അപ്പീല്‍ കോടതി ഉത്തരവിട്ടു.
താന്‍ കുറ്റക്കാരനല്ലെന്ന അരുണ്‍ കമലാസനന്റെ വാദം തള്ളിയാണ് ശിക്ഷയില്‍ അല്‍പം ഇളവു വരുത്തിയത്. വിധി കേള്‍ക്കാന്‍ അരുണ്‍ കോടതിയില്‍ ഹാജരായിരുന്നു. സോഫിയ എത്തിയിരുന്നില്ല. കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
ഒരേ കുറ്റത്തിലാണ് അരുണ്‍ കമലാസനനും സോഫിയ സാമും പങ്കാളിയായിരിക്കുന്നതെന്നും ഇരുവര്‍ക്കും ഏകദേശം തുല്യ പങ്കാളിത്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് അരുണിന്റെ ശിക്ഷ കോടതി കുറച്ചത്. ഇരുവരുടെയും മറ്റു സാഹചര്യങ്ങളും ജീവിത രീതിയുമെല്ലാം സമാനമാണ്. അതിനാല്‍ അരുണ്‍ കമലാസനന് സോഫിയയെക്കാള്‍ 22 ശതമാനം ദീര്‍ഘമായ ജയില്‍ ശിക്ഷ നല്‍കുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാം എബ്രഹാം ആത്മഹത്യ ചെയ്തതാണെന്ന അരുണിന്റെ വാദം കോടതി നിരാകരിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കമലാസനന്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ വിചാരണ വേളയില്‍ ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്ന ദൃശ്യങ്ങളാണ് അന്ന് ഹാജരാക്കിയിരുന്നത്.
2015 ഒക്ടോബര്‍ 14നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സോഫിയക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കണ്ടുവെന്നാണ് സോഫിയ പോലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പോലീസ് സോഫിയയെയും അരുണിനെയും വലയിലാക്കിയത്.