ജയ്‌പൂർ- വിവിധ ബി ജെ പി നേതാക്കൾ ശ്രീരാമന്റെ പാരമ്പരയാണെന്ന അവകാശവാദവുമായി രംഗത്തെത്തിയതിന് പിന്നാലെ കർണി സേനാ നേതാവും രംഗത്ത്. കര്‍ണി സേനാ നേതാവ് ലോകേന്ദ്ര സിങ് കല്‍വിയാണ് ഏറ്റവുമൊടുവിൽ രംഗത്തെത്തിയത്. താന്‍ ഉള്‍പ്പെടുന്ന സിസോദിയ വംശം രാമന്റെ പുത്രന്‍ ലവന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് കല്‍വി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തുമാസം മുമ്പ് സുപ്രീംകോടതിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. പത്മാവത് ചലച്ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ സംഘടനയാണ് കര്‍ണി സേന. അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, രാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് അവകാശവാദങ്ങളുമായി ആളുകള്‍ നിരന്നത്. തന്റെ കുടുംബം ശ്രീരാമന്റെ പരമ്പരയില്‍പ്പെട്ടവരാണെന്ന് ബിജെപിയുടെ വനിതാ എംപിയും മറ്റ് ഏതാനും ചിലരും അവകാശവാദമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർണി സേനയും രംഗത്തെത്തിയത്.
രാജസ്ഥാനിലെ രാജ്‌സാമന്ദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപിയായ ദിയാകുമാരിയാണ് ആദ്യം സുപ്രീം കോടതിയില്‍ അവകാശവാദം ഉന്നയിച്ചത്. തന്റെ കുടുംബം ശ്രീരാമന്റെ പുത്രന്‍ കുശന്റെ പിന്‍ഗാമികളാണെന്ന് ജയ്പൂര്‍ രാജകുടുംബാംഗ0 കൂടിയായ ദിയ അവകാശപ്പെട്ടത്. ശ്രീരാമന്റെ പരമ്പരയില്‍പ്പെട്ടവരാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും എന്തെങ്കിലും താല്‍പര്യത്തിന് വേണ്ടിയല്ല ഇത് പറയുന്നതെന്നും ദിയ പറഞ്ഞിരുന്നു. തന്റെ കൈവശം അവകാശവാദത്തെ സാധൂകരിക്കാനുള്ള രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ പറഞ്ഞു. ജയ്പുര്‍ സിറ്റി പാലസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളിലെ അവകാശവാദമനുസരിച്ച് നിലവിലെ ജയ്പുര്‍ രാജാവായ പത്മനാഭ് സിംഗ് ശ്രീരാമന്റെ മകനായ കുശന്റെ 309ാം തലമുറയാണ്. അതേസമയം, ശാസ്ത്രീയമായ യാതൊരു തെളിവുമില്ലാത്ത വാദങ്ങളാണ് ഇതെന്ന് ഭൂരിഭാഗം ചരിത്ര പണ്ഡിതരും വ്യക്തമാക്കിയിരുന്നു.