ജറൂസലം- അമേരിക്കയിലെ രണ്ട് ഡെമോക്രാറ്റിക് വനിതാ ജനപ്രതിനിധികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ഇസ്രായില്‍ നടപടി. ഇസ്രായില്‍ വിമര്‍ശകരും കോണ്‍ഗ്രസ് അംഗങ്ങളുമായ ഇല്‍ഹാന്‍ ഉമറിനേയും റഷീദ താലിബിനേയും പ്രവേശിക്കാന്‍ അനുവദിച്ചാല്‍ അത് വലിയ ദൗര്‍ബല്യമാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ഇവരെ ഇസ്രായിലില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് അമേരിക്കയിലെ ഇസ്രായില്‍ അംബാസഡര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇസ്രായിലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് ഇസ്രായില്‍ നിയമം വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.
ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇസ്രായില്‍ വിദേശ മന്ത്രി അര്യേ ഡേറിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി വിദേശ മന്ത്രി തിപ്‌സി ഹോട്ടോവെലി റേഡിയോ അഭിമുഖത്തില്‍ ഇത്് സ്ഥിരീകരിച്ചിട്ടുമുണ്ട്.
യു.എസ് കോണ്‍ഗ്രസിനേയും ഇസ്രാസില്‍-അമേരിക്ക സഖ്യത്തേയും മാനിച്ച് ഇരുവരേയും ഇസ്രായില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്ന് കഴിഞ്ഞ മാസം അംബാസഡര്‍ റോണ്‍ ഡെര്‍മെര്‍ പറഞ്ഞിരുന്നു. ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രംപ് പലപ്പോഴും ഈ വനിതാ പ്രതിനിധികളെ ആക്ഷേപിച്ചിട്ടുണ്ട്. സ്വന്തം കുടുംബക്കാരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകാന്‍ ട്രംപ് കല്‍പിച്ചത് ഈയിടെ വന്‍ വംശീയ വിവാദമായി മാറിയിരുന്നു. ഇവര്‍ ഇസ്രായിലിനേയും ജൂതന്മാരേയും വെറുക്കുന്നവരാണെന്നും മനസ്സ് മാറ്റാന്‍ ഒന്നുകൊണ്ടും സാധ്യമല്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.