ലക്‌നൗ- വെള്ളിയാഴ്ച്ചകളിൽ പള്ളികൾ നിറഞ്ഞു കവിയുമ്പോൾ റോഡുകളിൽ മുസ്വല്ല വിരിച്ചു നിസ്‌കരിക്കുന്നത് ഉത്തർ പ്രദേശ് സർക്കാർ നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെ റോഡുകളിൽ വെച്ച് നിസ്‌കരിക്കുന്നതിനാണ് നിരോധനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഈദ് ദിനങ്ങളിലും പ്രത്യേക ആഘോഷ സമായങ്ങളിലുമുള്ള നിസ്‌കാരങ്ങൾക്ക് ഇത്തരത്തിൽ നിസ്‌കാരത്തിന് അനുവാദം നൽകാൻ ജില്ലാ ഭരണാധികാരികൾക്ക് അധികാരമുണ്ടായിരിക്കുമെങ്കിലും എല്ലാ വെള്ളിയാഴ്ച്ചകളിലും ഇത് അനുവദിക്കാൻ കഴിയുകയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഒ പി സിങ് വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ ഗതാഗതം തടസപ്പെടുത്തിയുള്ള നിസ്‌കാരം ഒരു നിലക്കും അനുവദിക്കരുതെന്നാണ് പൊലീസിന് നൽകിയ നിർദേശം.
നേരത്തെ അലീഗഢിലും മീറത്തിലും സമാനമായ നിർദേശം ഡി ജി പി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തൊട്ടാകെ ഇത് നടപ്പിലാക്കുന്നത്. അലീഗഢ് ജില്ലാ ഭരണകൂടം ഇത് വിജയ കരമായി നടപ്പാക്കിയെന്നാണ് പോലീസ് ഭാഷ്യം. നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പണ്ഡിതന്മാരോടും മസ്‌ജിദ് നടത്തിപ്പുകാരോടും ചർച്ചകൾ നടത്താനും ഡി ജി പി നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ നിസ്‌കരിക്കുമ്പോഴുണ്ടാകാറുന്ന ട്രാഫിക് തടസങ്ങളും മറ്റു പ്രശ്‌നങ്ങളും ഇവരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പോലീസ് അധികൃതർ പറയുന്നു. ഒരു മതങ്ങൾക്കും തങ്ങളുടെ പരിപാടികൾ റോഡുകളിൽ വെച്ച് നടത്താനുള്ള അനുവാദം ഉണ്ടായിരിക്കുകയില്ലെന്ന് പോലീസ് മേധാവി കൂട്ടിച്ചേർത്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഏതാനും പള്ളികളിൽ മാത്രമാണ് പ്രത്യേക സമയങ്ങളിലെ നിസ്‌കാരം പുറത്തേക്ക് നീളുന്നതെന്നു മുസ്‌ലിം പേഴ്‌സണൽ ബോർഡ് അംഗം മൗലാന ഖാലിദ് റാഷിദ് ഫിറാങ്ങി മഹാലി പറഞ്ഞു. എന്നാൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ പള്ളികൾക് പുറത്ത് നിസ്‌കരിക്കരുതെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും സ്ഥല പരിമിതി കാരണം പള്ളിയുടെ മേൽക്കൂരയിലും മറ്റ് പള്ളികളിലേക്ക് പോകാനുമായി നിർദ്ദേശം നൽകിയിരുന്നതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്ര ഹിന്ദു വിഭാഗങ്ങൾ ഹനുമാൻ ഗീതം ആലപിക്കുന്നത് വ്യാപകമാക്കിയിട്ടുണ്ട്. ചൊവ്വ, ശനി തിയ്യതികളിലാണ് റോഡുകളിൽ ഹനുമാൻ ഗീതം പരിപാടി സംഘടിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇരു സമുദായങ്ങളും തമ്മിൽ ഏറ്റുമുട്ടലിനു വഴിയൊരുക്കുന്നതായാണ് റിപ്പോർട്ടുകൾ.