യുണൈറ്റഡ് നേഷൻ- കശ്‌മീർ വിഷയത്തിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ചൈന. പ്രത്യേക അവകാശങ്ങൾ ഇന്ത്യൻ പാർലമെന്റ് എടുത്തുകളഞ്ഞതിനെതിരെ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി യോഗം വിളിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ഈ മാസം അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിന് ചൈന ഔദ്യോഗികമായി കത്തയച്ചു. യോഗം ഉടൻ തന്നെ ചേരുമെന്നും എന്നാൽ കൃത്യമായ ദിവസം നിർണ്ണയിച്ചിട്ടില്ലെന്നും ഐക്യ രാഷ്ട്ര സഭ നയതന്ത്രജ്ഞൻ വാർത്താ ഏജൻസികളോട് വ്യക്തമാക്കി. സുരക്ഷാ അജണ്ടയിൽ "ഇന്ത്യ പാകിസ്ഥാൻ ചോദ്യം" ഉൾപ്പെടുത്തണമെന്നാണ് ചൈനയുടെ ആവശ്യം. പോളണ്ട് അംബാസിഡർ ജോഹന്ന റോണിക്കക്ക് ഈയാവശ്യം ഉന്നയിച്ച് മലീഹ ലോധി മുഖേന പാകിസ്ഥാൻ കത്തയച്ചതിനു പിന്നാലെയാണ് ചൈനയുടെ നീക്കം.
ജമ്മു കശ്മീരിന്റെ പദവി എടുത്തുകളയുകയും രണ്ടു മേഖലകളാക്കി വിഭജിക്കുകയും ചെയ്‌ത വിഷയത്തിൽ അടിയന്തിര സുരക്ഷാ യോഗം ചേരാൻ പാകിസ്ഥാൻ യു എന്നിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് പാകിസ്ഥാനെ അനുകൂലിച്ച ചൈനയും രംഗത്തെത്തിയത്. എന്നാൽ, ചൈനയുടെയും പാക്കിസ്ഥാന്റെയും ആവശ്യത്തിൽ മറ്റു അംഗ രാജ്യങ്ങളോട് പോളണ്ട് ചർച്ചകൾ നടത്തിയേക്കുമെന്നും അതിനു ശേഷമായിരിക്കും ദിവസവും സമയവും നിശ്ചയിക്കുകയെന്നും നയതന്ത്ര വക്താക്കൾ കൂട്ടിച്ചേർത്തു.
കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ സുരക്ഷാസമിതിക്ക് കത്തയച്ചതിന് പിന്നാലെ പ്രശ്‌നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാക്കിസ്ഥാൻ നൽകിയ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. രാജ്യാന്തര തലത്തിൽ കശ്മീരിനുള്ള സ്ഥാനം നിലനിര്‍ത്തുമെന്ന് പാക്കിസ്ഥാൻ ഉറപ്പു വരുത്തുമെന്നും അക്കാര്യത്തിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഇമ്രാൻ പറഞ്ഞു. മാത്രമല്ല, പാക്കിസ്ഥാനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷിയും വ്യക്തമാക്കി.