ലക്‌നൗ- കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജയിലിനകത്ത് കയറിയ പാമ്പുകളുടെ കടിയേറ്റു ആജീവനാന്ത തടവുകാരൻ മരിച്ചു.വിഷപ്പാമ്പുകളുടെ കടിയേറ്റ മൂന്നു തടവുകാർ ചികിത്സയിലാണ്. ഉത്തർ പ്രദേശിലെ ലക്‌നൗ ജില്ലാ ജയിലിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് നഗരം ഏകദേശം വെള്ളത്തിൽ മൂടിയിരുന്നു. ഇതിനിടെയാണ് ജയിലിനികത്തേക്ക് പാമ്പുകൾ കയറിക്കൂടിയത്. പാമ്പുകളുടെ കടിയേറ്റ ബാബു എന്ന തടവുകാരനാണ് മരിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. പാമ്പുകളുടെ കടിയേറ്റ ദിലീപ്, രാജ്‌കുമാർ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ജയിലുകളിൽ പാമ്പ് കയറിയതറിഞ്ഞ അധികൃതർ ഒടുവിൽ പാമ്പ് പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു. ഒരു ഡസനിലധികം പാമ്പ് പിടുത്തക്കാരാണ് ജയിൽ വളപ്പിലെ പാമ്പുകളെ പിടികൂടാനെത്തിയത്.