Sorry, you need to enable JavaScript to visit this website.

കെവിൻ വധക്കേസ്: ദുരഭിമാന കൊലയാണോ എന്നതിൽ വ്യക്തത വേണം, വിധി 22ന്

കോട്ടയം - കേരളത്തിലെ ആദ്യ ദുരഭിമാനകൊലക്കേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 22ന് വിധി പറയും. കെവിൻ വധക്കേസ് ദുരഭിമാന കൊലയാണോ എന്ന കാര്യത്തിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അഭിപ്രായം കോടതി ആരാഞ്ഞു. ഇതിൽ ആദ്യം വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ദുരഭിമാനകൊലയാണെന്ന നിലപാടിൽ പ്രോസിക്യൂഷൻ ഉറച്ചുനിന്നു. അപൂർവ്വങ്ങളിൽ അപൂർവമായ കേസാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ദുരഭിമാനകൊലയല്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി. വിവാഹം നടത്തികൊടുക്കാമെന്ന് കെവിന്റെ കാമുകി നീനുവിന്റെ അച്ഛൻ പറഞ്ഞതായി പ്രതിഭാഗം വാദിച്ചു. എല്ലാവരും ഒരേമതവിഭാഗത്തിൽ പെട്ടവരായതിനാൽ ദുരഭിമാനകൊലയല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. സംസ്ഥാനത്ത്  കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ പ്രത്യേക കോടതി റെക്കോഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് വിധി പറയുന്നത്. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ  നിർദേശമെങ്കിലും മൂന്നു മാസം കൊണ്ട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണ പൂർത്തിയാക്കിയിരുന്നു. 

കേസിലെ മുഴുവൻ പ്രതികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തിയുള്ള കുറ്റപത്രം കോട്ടയം അഡീഷണൽ സെഷൻസ് കോടതി(നാല്) നേരത്തേ അംഗീകരിച്ചിരുന്നു.113 സാക്ഷികൾ, 240 രേഖകൾ, 55 തെളിവുകൾ, മൂന്നു മാസം നീണ്ട വിചാരണ നടപടികൾ. വിചാരണവേളയിൽ നിരവധി വിവാദങ്ങൾ. ജഡ്ജി സ്ഥലം മാറിയതിനെ തുടർന്നാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കേസ് പരിഗണിച്ചത്. 

കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ അക്രമി സംഘം അന്നുതന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂർ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കേസിലുൾപ്പെട്ട ഷാനു, പിതാവ് ചാക്കോ എന്നിവരുൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു. കെവിനെ കൊലപ്പെടുത്തിയത് തന്റെ അച്ഛനും സഹോദരനുമാണെന്നും കൊന്നത് ദുരഭിമാനം മൂലമാണെന്നും കെവിന്റെ ഭാര്യ നീനു കോടതിയിൽ ആവർത്തിച്ചു മൊഴി നൽകി. അച്ഛൻ ചാക്കോ, പ്രതി നിയാസ്, എസ്‌ഐ എം.എസ് ഷിബു എന്നിവർക്കെതിരെയാണ് നീനു മൊഴി നൽകിയത്. പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായ കേസിൽ ഇനി കുടുംബത്തിന്റെ പ്രതീക്ഷ കോടതിയിൽ മാത്രമാണെന്നും കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും  പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൊലക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവരുൾപ്പെടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷകളും വിചാരണ വേളയിൽ കോടതി തള്ളിയിരുന്നു. മുഖ്യപ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ടിഎം ബിജുവിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഒപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവർ എം എൻ അജയകുമാറിന്റെ മൂന്നുവർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി.  

കെവിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്‌ഐ ഷിബുവിനെ പിന്നീട്  സർവീസിൽ തിരിച്ചെടുത്തത് വിവാദമായതോടെ നടപടി  മരവിപ്പിച്ചു. സാക്ഷികൾ പലരും വിചാരണയ്ക്കിടയിൽ മൊഴിമാറ്റിയെങ്കിലും ശക്തമായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതെന്നും കേസിൽ ശരിയായ വിധി വരുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രോസിക്യൂഷൻ പറയുന്നു. രാവിലെ 11 മണിക്കാണ് കോടതി സമയം തുടങ്ങുന്നതെങ്കിലും, പത്ത് മണി മുതൽ ഒരു മണിക്കൂർ നേരത്തേ കേസ് വിചാരണ തുടങ്ങിയാണ് 3 മാസത്തിനകം പ്രിൻസിപ്പൽ സെഷൻസ് കോടതിവിചാരണ പൂർത്തിയാക്കിയത്.

2018 മെയ് 27 നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്തെ ബന്ധുവീട്ടിൽ നിന്നും ഒന്നാം പ്രതി ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിൻറെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. ദിലത് ക്രിസ്ത്യനായ കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിർപ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. മെയ് 28 ന് പുലർച്ചെ കൊല്ലം ജില്ലയിലെ തെൻമലയിൽ ചാലിയേക്കര പുഴയിൽനിന്ന് കെവിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ മുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹം. രക്ഷപ്പെടാൻ കെവിൻ പുഴയിൽ ചാടി  മരിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ മുക്കിക്കൊന്നതിന് കൃത്യമായ ഫൊറൻസിക് തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കെവിന്റെ ഭാര്യ നീനു നട്ടാശേരിയിലുള്ള കെവിന്റെ വീട്ടിൽ താമസിച്ച് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള ഒരു സ്ഥാപനത്തിൽ എംഎസ്ഡബ്ല്യുവിന് പഠിക്കുകയാണ്. സംസ്ഥാന സർക്കാരാണ്  പഠനച്ചെലവുകൾ വഹിക്കുന്നത്.

Latest News