* മക്ക റെയിൽവേ സ്റ്റേഷനിൽ സൗദിയ ഓഫീസ്
* ഹറമൈൻ സർവീസ് ഒക്ടോബറിൽ ജിദ്ദ വിമാനതാവളത്തിലേക്ക്
ജിദ്ദ - ഹറമൈൻ ഹൈസ്പീഡ് റെയിൽവേയുടെ പുതിയ സ്റ്റേഷൻ അടുത്ത ഒക്ടോബറിൽ ജിദ്ദ വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽഅമൂദി പറഞ്ഞു. നിലവിൽ ഹറമൈൻ റെയിൽവേയിൽ മക്കയിലും മദീനയിലും ജിദ്ദ സുലൈമാനിയയിലും റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലുമായി നാലു റെയിൽവേ സ്റ്റേഷനുകളാണുള്ളത്. അഞ്ചാമത്തെ സ്റ്റേഷനാണ് പുതിയ ജിദ്ദ എയർപോർട്ടിൽ നിർമിക്കുന്നത്. ജിദ്ദ എയർപോർട്ടിൽ നിന്ന് എളുപ്പത്തിലും സുഖപ്രദമായും നഗര മധ്യത്തിലും മക്കയിലും മദീനയിലും തിരിച്ചും എത്തുന്നതിന് പുതിയ റെയിൽവേ സ്റ്റേഷൻ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ സഹായിക്കും. ഹജ് തീർഥാടകരുടെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ മക്കയിൽ ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ ദേശീയ വിമാന കമ്പനിയായ സൗദിയ കഴിഞ്ഞ ദിവസം ഓഫീസ് തുറന്നിരുന്നു. ജിദ്ദ എയർപോർട്ടിലെ പുതിയ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി കൂടിയാണ് മക്ക റെയിൽവേ സ്റ്റേഷനിൽ സൗദിയ ഓഫീസ് തുറന്നത്. സൗദിയയിലെയും ഹറമൈൻ റെയിൽവേയിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചേർന്നാണ് സൗദിയ ഓഫീസ് ഉദ്ഘാടനം ചെയ്തത്.
എയർപോർട്ടുകളിലെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും ചില ടെർമിനലുകൾ നവീകരിക്കുന്നതിനും സൗദി കസ്റ്റംസും ജവാസാത്തും അടക്കമുള്ള വകുപ്പുകളുമായി ഗതാഗത മന്ത്രാലയം പദ്ധതി തുടങ്ങി. ഹജ് സീസനോടനുബന്ധിച്ച് മക്ക, മദീന പ്രവിശ്യകളിൽ 400 കിലോമീറ്റർ നീളത്തിലുള്ള റോഡുകളിൽ ഗതാഗത മന്ത്രാലയം അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലത്തെ ഹജ് സീസണിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഇരട്ടി തുക നീക്കിവെച്ചിരുന്നു. ഹജ് സീസണിൽ റോഡുകളിലെ സുരക്ഷ ഉയർത്തുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും ഇതിലൂടെ സാധിച്ചതായും ഗതാഗത മന്ത്രി പറഞ്ഞു.
ഒരേ ദിശയിൽ ഒരേ സമയം രണ്ടു ട്രെയിനുകൾ സർവീസ് നടത്തുന്ന ഇരട്ട ട്രെയിൻ സേവനം ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് ചില ട്രെയിനുകളിൽ സീറ്റുകളുടെ ശേഷി കൂട്ടുന്നതിനാണ് ചില സർവീസുകൾ ഡബിൾ സർവീസുകളാക്കിയത്.