ന്യൂദൽഹി- സിക്കിമിൽ പത്ത് എം എൽ എ മാർ ബി ജെ പിയിൽ ചേർന്നു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിലെ അഞ്ചു എം എൽ എ മാരാണ് ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇവരിൽ ഏറെക്കാലം മന്ത്രിയായിരുന്നവരും നിരവധി തവണ എം എൽ എ ആയിരുന്നവരും ഉണ്ട്. ഇതോടെ നിലവിൽ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബി ജെ പി ക്കു സംസ്ഥാനത്തെ പ്രധാന ശക്തികളിലൊന്നായി മാറി. 32 അംഗ നിയമ സഭയിൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനു അഞ്ചു എം എൽ എ മാർ മാത്രമായി ചുരുങ്ങി. പതിനേഴു സീറ്റുമായി വിജയിച്ച സിക്കിം ക്രാന്തികരി മോർച്ച (എസ് കെ എം) ആണ് സിക്കിം ഭരണം കയ്യാളുന്നത്. ഇപ്പോൾ ബി ജെ പിയിലേക്ക് പോയവരിൽ ദോർജി ഷെറിങ് ലെപ്ച്ചയാണ് ഏറ്റവും പ്രധാനി. അഞ്ചു തവണ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മൂന്നു തവണ മന്ത്രിയായിട്ടുണ്ട്. മൂന്ന് തവണ എം എൽ എ ആയി വിജയിച്ച ഉഗൻ ഗ്യാറ്റസോ ആണ് മറ്റൊരു പ്രധാനി. ബി ജെ പി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ, ജനറൽ സിക്രട്ടറി റാം മാധവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബി ജെ പി യിൽ ചേർന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം. മറ്റ് ആറ് സംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ആണ് അധികാരത്തിലുള്ളത്. നരേന്ദ്ര മോഡി ഗവൺമെന്റിൽ ആകൃഷ്ടരായാണ് തങ്ങൾ ബി ജെ പിയിലേക്ക് ചേർന്നതെന്നും ഈസി പോളിസിയാണ് മോഡി സർക്കാർ പിന്തുടരുന്നതെന്നും ദോർജി ഷെറിങ് ലെപ്ച്ച പറഞ്ഞു. ചൈന, നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ പങ്കിടുന്ന സിക്കിമിൽ മോഡി സർക്കാരിന്റെ നിലപാടുകൾ ഏറെ ഗുണം ചെയ്യുമെന്നുമാണ് ഇദ്ദേഹത്തിനെ വാദം. ഇതാദ്യമായാണ് സിക്കിമിലെ നിന്നും ഒരു പ്രാദേശിക പാർട്ടിയിൽ നിന്നും എം എൽ എമാർ ബി ജെ പിയിലേക്ക് ചേക്കേറുന്നത്. 25 വർഷക്കാലം സിക്കിം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സംസ്ഥാന ഭരണം നഷ്‌ടമായത്.