ന്യൂദൽഹി- ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന നൽകി പാസഞ്ചർ കാർ വിൽപ്പനയിൽ കനത്ത ഇടിവ്. രണ്ടു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. 30.98 ശതമാനത്തിന്റെ കുറവാണ് കാറുകളുടെ വിൽപനയിലുണ്ടായത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്(എസ്.ഐ.എ.എം)സാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായ ഒൻപത് മാസങ്ങളിൽ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. വിൽപനയിൽ കുറവുണ്ടായതിനെ തുടർന്ന്് കമ്പനികൾ ഉൽപാദനവും കുറച്ചിരുന്നു. കഴിഞ്ഞമാസം 2,05,194 വാഹനങ്ങൾ മാത്രമാണ് വിവിധ കമ്പനികൾ നിർമ്മിച്ചത്. കഴിഞ്ഞവർഷത്തെ ഇതേകാലത്തെ അപേക്ഷിച്ച് 20.08 ശതമാനത്തിന്റെ കുറവാണിത്. ഉൽപാദനത്തിൽ കുറവുവന്നതോടെ നിരവധി പേർക്ക് ജോലി നഷ്ടമായി. ഒരു ലക്ഷത്തോളം ജീവനക്കാർക്കാണ് ഇതോടകം ജോലി പോയത്. ഇതിന് പുറമെ മൂന്നുലക്ഷത്തോളം വരുന്ന കരാർ തൊഴിലാളികളും ജോലി ഭീഷണിയിലാണ്. അതേസമയം, പത്തുലക്ഷത്തോളം പേർ ജോലി ഭീഷണിയിലാണെന്ന് എസ്.ഐ.എ.എം ഡയറക്ടർ വിഷ്ണു മാത്തൂർ പറഞ്ഞു. കേന്ദ്രം ഏർപ്പെടുത്തിയ ജി.എസ്.ടിയാണ് വാഹനവിപണിക്ക് തിരിച്ചടിയായത്. ഇത് കുറയ്ക്കാൻ വേണ്ടി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു.