ന്യൂദൽഹി- കശ്മീരിൽ ജനങ്ങൾക്ക് നേരെ അടിച്ചമർത്തൽ നടപടി സ്വീകരിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടി പറഞ്ഞ ഗവർണർ സത്യപാൽ മാലിക്കിനെ കുരുക്കിലാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ അക്രമമാണെന്ന് വിമർശിക്കുന്നതിന് മുമ്പ് സംസ്ഥാനം സന്ദർശിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും ഇങ്ങോട്ട് വരാൻ വിമാനം അയക്കാമെന്നുമായിരുന്നു ഗവർണർ പറഞ്ഞത്. കശ്മീർ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച രാഹുൽ ഗാന്ധി വരാൻ വിമാനമല്ല ആവശ്യമല്ലെന്നും അവിടുത്തെ ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമാണ് നൽകേണ്ടതെന്ന് തിരിച്ചടിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പം കാശ്മീരിൽ സ്വതന്ത്രമായി സഞ്ചരിക്കാനും ആൾക്കാരുമായി സംസാരിക്കാനും ഗവർണർ അവസരം ഒരുക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധി ഉത്തരവാദിത്വമുള്ള പൗരനാണെന്നും കശ്മീരിൽ അക്രമമാണെന്ന് പറയുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ തിരിച്ചറിയണമെന്നും കശ്മീരിലേക്ക് വരാൻ വിമാനം അയക്കാമെന്നുമായിരുന്നു ഗവർണർ നേരത്തെ പറഞ്ഞത്. കശ്മീരിൽ കേന്ദ്രഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ ശക്തമായി പ്രതിരോധിക്കുകയാണ് ഗവർണർ. സംസ്ഥാനത്ത് ഒരു അക്രമം പോലും നടക്കുന്നില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്.