ന്യൂദല്‍ഹി- ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയതിന് പിന്നാലെ ദല്‍ഹി-ലാഹോര്‍ ബസ് സര്‍വീസും നിര്‍ത്തലാക്കി. ബസ് സര്‍വീസ് വേണ്ടെന്ന് പാക്കിസ്ഥാനില്‍ നിന്നും പ്രസ്താവന വന്നതിന് പിന്നാലെയാണ് ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ തീരുമാനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടാവുകയും സൗഹാര്‍ദ ബസ് സര്‍വീസ് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ മന്ത്രി പറയുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ ആറു മണിക്ക് ഈ ബസ് പുറപ്പെടേണ്ടിയിരുന്നതാണ്. അതിനിടെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന വന്നത്. ഇതോടെ അധികൃതര്‍ ബസ് സര്‍വീസ് നിര്‍ത്തുന്നതിനെ കുറിച്ച് തീരുമാനത്തിലെത്തുകയായിരുന്നു. സര്‍വീസ് നിര്‍ത്തലാക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം വന്നതിനാല്‍ ഡി.ടി.സിക്ക് ഓഗസ്റ്റ് 12 മുതല്‍ ബസുകള്‍ അയക്കാനാകില്ലെന്ന് ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബസ് സര്‍വീസ് നിര്‍ത്തുകയാണെന്ന വിവരം പാക്കിസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി ബന്ധപ്പെട്ട് ടെലിഫോണിലൂടെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് അവസാനത്തെ ബസ് ഇന്ത്യയിലെത്തിയത്. ഇതില്‍ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നലെ തിരികെ പോകാനിരുന്ന ബസില്‍ ഇന്ത്യയില്‍നിന്ന് 19 യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
1999 ലാണ് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായ സമയത്ത് ആദ്യത്തെ ബസ് സര്‍വീസ് നടക്കുന്നത്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം ഇത് കുറച്ചുകാലം നിര്‍ത്തിവെച്ചു. പിന്നീട് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ 2003 ല്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു. വളരെ കുറച്ച് യാത്രക്കാര്‍ മാത്രമാണ് ഈ ബസില്‍ ഉണ്ടാകാറുള്ളത്. രണ്ട് രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ പരിഗണിച്ച് യാത്രക്കാരുടെ എണ്ണക്കുറവ് കാര്യമാക്കാറില്ല. കൂടാതെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള ചുരുങ്ങിയ മാര്‍ഗങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. ദല്‍ഹി ഗേറ്റിനടുത്തുള്ള അംബേദ്കര്‍ സ്‌റ്റേഡിയം ടെര്‍മിനലില്‍ നിന്നാണ് ഈ ബസ് പുറപ്പെട്ടിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഡി.ടി.സിയുടെ ബസ് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പുറപ്പെട്ടിരുന്നത്. ഇവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ തിരിച്ചെത്തും. പി.ടി.ഡി.സി ബസുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പാക്കിസ്ഥാനില്‍നിന്നും പുറപ്പെടും.