ജിദ്ദ - അല്‍സഫ ഡിസ്ട്രിക്ടില്‍ മൂന്നു നില കെട്ടിടത്തില്‍ മൂന്നാം നിലയിലെ ഫ് ളാറ്റില്‍ അഗ്നിബാധ. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. കെട്ടിടത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം 12 താമസക്കാരെ മുന്‍കരുതലെന്നോണം സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചിരുന്നു.
ജീവപായമില്ലെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധക്ക് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചവരില്‍ ഒരാള്‍ക്ക് നിസാര പൊള്ളലേറ്റു. ഇയാള്‍ക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായും കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു.