വാഷിംഗ്ടൺ- അമേരിക്കയിൽ ഇൻഫോസിസിന്റെ മലയാളി ഉദ്യോഗസ്ഥൻ തടാകത്തിൽ മുങ്ങിമരിച്ചു. മാണിക്കാലിൽ സുബ്രഹ്മണ്യനാണ് തടാകത്തിൽ മുങ്ങിമരിച്ചത്. അമേരിക്കൻ വ്യോമസേനയുടെ ബ്ലൂ എയ്ഞ്ചൽ ഷോ കാണുന്നതിനിടെയാണ് അപകടമുണ്ടായത്. ഏഴുവയസുള്ള മകന്റെ കൂടെ തടാകത്തിൽ നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് സൂചന. സിയറ്റിലെ ലേക്ക് വാഷിംങ്ടണിൽ ആകാശദൃശ്യം വീക്ഷിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. തടാകത്തിൽ നീന്തുന്നതിനിടെ അച്ഛനെ കാണാനില്ലെന്ന മകന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർ സുബ്രഹ്മണ്യനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും ഏഴു വയസുള്ള മകനുമാണ് സുബ്രഹ്മണ്യനൊപ്പമുണ്ടായിരുന്നത്. ഭാര്യ ആശ എട്ടുമാസം ഗർഭിണിയാണ്. ഭർത്താവിന്റെ മരണവിവരമറിഞ്ഞ് ആശ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.