ഐ എസ് ആർ ഒ ശിൽപി സാരാഭായിയുടെ നൂറാം ജന്മദിനത്തിലാണ് ഗൂഗിൾ ആദരം
ന്യൂദൽഹി- ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സുയർത്തുന്ന ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ ഉപജ്ഞാതാവായ ഡോ: വിക്രം സാരാഭായിക്ക് ഗൂഗിളിന്റെ ആദരം. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് ഗൂഗിൾ തങ്ങളുടെ ഡൂഡിളിൽ ചിത്രം ചേർത്ത് ആദരം തീർത്തത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ എസ് ആർ ഒ) സ്ഥാപകൻ കൂടിയായ ഡോ:വിക്രം സാരാഭായി ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവെന്ന പേരിലും അറിയപ്പെടുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് 1962 ലാണ് ഐ എസ് ആർ ഒ എന്ന പേരിൽ വിക്രം സാരാഭായി രൂപീകരിച്ചത്.
1919 ആഗസ്‌റ്റ് 12 നാണു വിക്രം സാരാഭായിയുടെ ജനനം. ഗുജറാത്തിൽ കോളേജ് പഠനം പൂർത്തീകരിച്ച ശേഷം കേംബ്രിഡ്‌ജ് സർവ്വകലാശാലയിൽ നിന്നും ഡോക്റ്ററേറ്റ് കരസ്ഥമാക്കി. ഇതിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിക്രം സാരാഭായി തന്റെ 28 ആമത്തെ വയസ്സിൽ 1974 നവംബർ 11 ന് അഹമ്മദാബാദിൽ ഫിസിക്കൽ റിസേർച്ച് ലബോറട്ടറിയെന്ന സ്ഥാപനത്തിനു ശിലപാകി. തന്റെ പ്രവർത്തന പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇന്ത്യൻ ഗവൺമെന്റിൽ ബഹിരാകാശ പദ്ധതികളുമായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത മുന്നിൽ വെച്ചത്. സർക്കാരിന് മുന്നിൽ ഇത് വിജയകരമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയം കണ്ടു. റഷ്യയുടെ സ്പുത്നിക് വിക്ഷേപണ ശേഷമായിരുന്നു ഇത്.
ഇന്ത്യൻ ന്യൂക്ലിയർ സയൻസ് പ്രോഗ്രാം പിതാവെന്നറിയപ്പെടുന്ന ഡോ: ഹോമി ബാബ വിക്രം സാരാഭായിയുടെ ബഹിരാകാശ പദ്ധതികളെ പൂർണ തോതിൽ പിന്തുണക്കുകയും ഇന്ത്യയിൽ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിർമ്മിക്കാൻ വിക്രം സാരാഭായിയെ സഹായിക്കുകയും ചെയ്‌തു. ഇതിന്റെ ഫലമായി 1963 നവംബർ 21 നു ഇന്ത്യയിൽ നിന്നും ആദ്യ റോക്കറ്റ് കുതിച്ചു പൊങ്ങി. തുടർന്ന് ഇദ്ദേഹം 1966 ൽ നാസയുമായി നടത്തിയ സംഭാഷണത്തെ തുടർന്നാണ് 1975, 1976, വർഷങ്ങളിലും മരണ ശേഷം 1971 ലും സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്സ്പിരിമെന്റ് (സൈറ്റ്) വിക്ഷേപിക്കാൻ നാസയുടെ സഹായം ഇന്ത്യക്ക് ലഭിച്ചത്. ഇതിനടയിൽ ഇദ്ദേഹം സ്വന്തമായി ഒരു സാറ്റലൈറ്റ് നിർമ്മിക്കാനും ആരംഭിച്ചിരുന്നു. ഇതാണ് പിന്നീട് 1975 ൽ റഷ്യയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ആയ "ആര്യഭട്ട"യായി മാറിയത്.
ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപിക്കുന്നതിൽ സ്ത്യുത്യർഹമായ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം 1973ൽ ചന്ദ്രനിലെ ഒരു ഗർത്തത്തിനും ഇക്കഴിഞ്ഞ ജൂലൈ 22 നു ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 ന്റെ ലാൻഡറിനും വിക്രം എന്നാണു നാമകരണം ചെയ്‌തത്. ലോകത്തിനു മുന്നിൽ അഭിമാനമായി ഉയർന്ന ചന്ദ്രയാൻ 2 വിൽ ഘടിപ്പിച്ച ലാൻഡർ അടുത്ത മാസം ഏഴിന് ചന്ദ്രനിൽ ചന്ദ്രനിൽ ഇറങ്ങുന്നതും കാത്തിരിക്കുന്ന നാം ഇന്ത്യക്കാർ.