വിജയവാഡ- ഭാര്യയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്ന ഭർത്താവ് ഒടുവിൽ തല കായലിൽ വലിച്ചെറിഞ്ഞു പോലീസിൽ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിജയവാഡ സത്യനാരായണപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം അരങ്ങേറിയത്.
ശ്രീനഗർ കോളനിയിൽ ഭാര്യയെ കൊലപ്പെടുത്തി തല അറുത്തെടുത്ത് ഒരു കയ്യിൽ കത്തിയുമായി പോകുന്നതിനിടെ ആളുകൾ ഓടിക്കൂടുന്ന ദൃശ്യം സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് യുവാവ് തല അടുത്തുള്ള കായലിലേക്ക് വലിച്ചെറിഞ്ഞ് പോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രദീപ്‌കുമാർ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി (23) യെ കൊലപ്പെടുത്തി തലയറുത്തെടുത്തത്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം.മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയെന്നും യുവതിയുടെ തല കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വിജയ് റാവു മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു വർഷം മുമ്പ് പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇരുവർക്കുമിടയിൽ കലഹങ്ങൾ പതിവായിരുന്നതായി പോലീസ് പറഞ്ഞു. നേരത്തെ പ്രദീപിനെതിരെ മണിക്രാന്തി ഗാർഹിക പീഡനക്കേസ് നൽകിയതിനെ തുടർന്ന് പോലീസ് അറസ്‌റ്റു ചെയ്‌തു ജയിലിലടച്ചിരുന്നു. ഈ കേസിൽ അടുത്തിടെയാണ് പ്രദീപ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിലെ പ്രതികാരമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചെതെന്നാണ് കരുതുന്നത്.