അബുദാബി ഒമാന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ അത്യാഹ്ലാദത്തോടെ ബലിപെരുന്നാള്‍ ആഘോഷിച്ചു. പ്രഭാതത്തില്‍ ഈദ് നമസ്‌കാരത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. സൗഹൃദങ്ങള്‍ പുതുക്കാനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുമാണ് മിക്കവരും ഈദ് പകല്‍ മാറ്റിവെച്ചത്.
ഈദ് ഗാഹുകളിലും പള്ളികളിലും നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ച് സൗഹൃദം പങ്കുവെച്ചു. കുട്ടികളെ സംബന്ധിച്ച് ഈദ് കൈനീട്ടമാണ് പ്രധാനം. പരസ്പര സന്ദര്‍ശനങ്ങള്‍ക്കിടെ കുട്ടികള്‍ക്ക് സമ്മാനമോ പണമോ ഒക്കെ നല്‍കാന്‍ മുതിര്‍ന്നവര്‍ മറക്കാറില്ല. ഈദിയ എന്നറിയപ്പെടുന്ന ഈ പാരമ്പര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന ഒന്നാണ്.
യു.എ.ഇയില്‍ ഷോപ്പിംഗ് മാളുകളിലും റെസ്റ്ററന്റുകലിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലരും ഉച്ചഭക്ഷണം വലിയ ഹോട്ടലുകളിലാണ് കഴിച്ചത്. ഷോപ്പിംഗിനും വലിയ തിരക്ക് അനുഭവപ്പെട്ടു. പല പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളും ഈദ് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.