ചെന്നൈ- തമിഴ്‌നാട്ടിലെ രണ്ടു പ്രമുഖ ബിയർ കമ്പനികളിൽ നിന്നും കണക്കിൽ പെടാത്ത 700 കോടി രൂപ ഇൻകം ടാക്‌സ് അധികൃതർ പിടികൂടി. തമിഴ്‌നാട്ടിലെ ബിയർ ഉത്പാദക കമ്പനിയിലും ഐ എം എഫ് എൽ (ഇന്ത്യൻ മെയിഡ് ഫോർ ഫോറിൻ ലിക്വിർ) കമ്പനികളിലുമായാണ് അധികൃതർ നടത്തിയ പരിശോധനയിൽ ഇത്രയും ഭീമമായ കണക്കിൽ പെടാത്ത തുക പിടിച്ചെടുത്തത്. ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ച റെയിഡ് തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, തഞ്ചാവൂർ എന്നിവക്ക് പുറമെ കേരളം, ആന്ദ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളിലുമായി 55 കേന്ദ്രങ്ങളിലാണ് നടന്നത്. എന്നാൽ, റെയ്‌ഡ് നടത്തിയതായി അറിയിച്ച ഇൻകം ടാക്‌സ് അധികൃതർ കമ്പനികളുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. കമ്പനിയുടെ പ്രമോട്ടർമാർ, പ്രധാന ജീവനക്കാർ, മെറ്റീരിയൽ വിതരണക്കാർ എന്നിവരുടെ വസതികളിലാണ് റെയ്‌ഡ് നടത്തിയത്.
ഉൽപാദനതിനുപയോഗിക്കുന്ന വസ്തുക്കളുടെ ചെലവ് വർദ്ധിപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടത്തുന്നതായി ഏതാനും മാസങ്ങൾക്ക് മുൻപ് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്. പണത്തിനു പുറമെ ഏതാനും രേഖകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. സമാനമായ നികുതി വെട്ടിപ്പ് നടത്തിയ മറ്റൊരു ബിയർ ഉൽപാദക കമ്പനിയിലും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയുടെ കീഴിലുള്ള ഏഴു കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. ഇതിനകം തന്നെ ഈ കമ്പനിയിൽ 300 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. പരിശോധന തുടരുകയാണ്. അതിനിടെ, തിരച്ചിലിനിടയിൽ കണക്കിൽ പെടാത്ത പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിൽ നിന്ന് 4.5 കോടി പണം ഇൻകം ടാക്‌സ് അധികൃതർ പിടികൂടുകയും ചെയ്‌തു.