ഭുവനേശ്വർ- ബ്രിട്ടീഷ് സർക്കാരിനെതിരെ ഗാന്ധിജിയോടൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി ദയാനിധി നായക് അന്തരിച്ചു. 95 വയസായിരുന്നു. ഒഡീഷയിലെ പാനിമോറയിൽ നിന്നുള്ള ഈ സ്വാതന്ത്ര്യ സമര സേനാനി തന്റെ മുപ്പത്തി രണ്ടാം വയസിലാണ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തത്. ബ്രിട്ടീഷ് ബൂട്ടിൽ നിന്നും രക്ഷപ്പെട്ട പാനിമോറയിൽ നിന്നുള്ള അവസാനത്തെ രണ്ടു പേരിൽ ഒരാളായിരുന്ന ദയാനിധി നായക് പാനിമോറയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമര സമയത്ത് ഒൻപത് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംശുദ്ധമായ ഗാന്ധിയനായിരുന്നു ദയാനിധി നായകെന്നും ഗാന്ധിജിയെപോലെ തന്നെ സ്വന്തമായി വസ്‌ത്രങ്ങൾ നെയ്‌തെടുത്ത് ഉപയോഗിക്കാറുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും സ്വതന്ത്രത സംഗ്രിണി സമിതി എഡിറ്റർ കൂടിയായ പ്രൊഫസർ ടെക്‌ചന്ദ് അനുസ്‌മരിച്ചു.