മറിഞ്ഞ ടാങ്കറിൽ നിന്നും എണ്ണ ഊറ്റിയെടുക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്
ദാറുസ്സലാം- ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 61 പേർ മരിച്ചു. 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ റോഡിലാണ് അപകടം നടന്നതെന്ന് ഗവണ്മെന്റ് വക്താവ് ഹസ്സൻ അബ്ബാസ് പറഞ്ഞു. പടിഞ്ഞാറൻ ദാറുസ്സലാമിൽ നിന്നും 175 കിലോമീറ്റർ അകലെ മൊറൊഗോരോയിലാണ് സംഭവം. അമിത വേഗതയിലായിരുന്ന ട്രക്ക് മോട്ടോർ ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞതോടെയാണ് അപകടം ഉണ്ടായത്. ഇതിനിടെ ആളുകൾ മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ശ്രമിക്കുമ്പോൾ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് 150 ഓളം ആളുകളാണ് ഇന്ധനം ഊറ്റിയെടുക്കാൻ ട്രെയിലറിന് സമീപത്തുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. പ്രദേശവാസികളും ടാക്സി ഡ്രൈവർമാരുമാണ് മരിച്ചവരിൽ ഏറെയും. രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണ് മുൻ തലസ്ഥാനം കൂടിയായിരുന്ന അപകടം നടന്ന സ്ഥലം.