വിശാഖപട്ടണം- മൂന്നു മാസം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ബില്ലടക്കാതെ മുങ്ങിയ ബിസിനസുകാരനെതിരെ ഹോട്ടലുടമ പരാതിയുമായി പോലീസിൽ. താജ് ബഞ്ചറ ഹോട്ടൽ അധികൃതരാണ് 12.34 ലക്ഷം രൂപ അടക്കാതെ ബിസിനസ് പ്രമുഖൻ മുങ്ങിയതായി പരാതിയുമായി പോലീസിനെ സമീപിച്ചത്. 102 ദിവസം ഇവിടെ ലക്ഷ്വറി ജീവിതം ആസ്വദിച്ച ശങ്കർ നാരായൺ എന്ന ബിസിനസുകാരനാണ് ഹോട്ടൽ അധികൃതരെ കബളിപ്പിച്ച് കടന്നത്.
102 ദിവസം ഇവിടെ ലക്ഷ്വറി ജീവിതം നയിച്ച ഇയാൾ ഹോട്ടലിൽ ആകെ അടക്കേണ്ടിയിരുന്നത് 25.96 ലക്ഷം രൂപയായിരുന്നു. ഇതിൽ 13.62 ലക്ഷം രൂപ അടച്ച ഇദ്ദേഹം പിന്നീട് ബാക്കി തുക അടക്കാതെ ഇവിടെനിന്നും മുങ്ങുകയായിരുന്നുവെന്നാണ് ഹോട്ടൽ അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, ഇയാളുമായി ഹോട്ടൽ ജീവനക്കാർ ബന്ധപ്പെട്ടെങ്കിലും ഉടൻ അടക്കാമെന്നറിയിച്ചെങ്കിലും ഇത് വരെ ബിൽ അടക്കാതിരിക്കുകയും പിന്നീട് ഇയാളുടെ ഫോൺ ഓഫ് ആകുകയും ചെയ്‌തതോടെയാണ് അധികൃതർ പരാതിയുമായി രംഗത്തെത്തിയത്. അതേസമയം, ബിൽ തുക മുഴുവൻ അടച്ച ശേഷമാണു ഹോട്ടലിൽ നിന്നും ചെക്ക്‌ഔട്ട് ചെയ്‌തതെന്ന് ശങ്കർ നാരായൺ അവകാശപ്പെട്ടു. തന്റെ പ്രശസ്‌തിക്ക് കളങ്കം വരുത്തിയ ഹോട്ടൽ അധികൃതർക്കെതിരെ നടപടികളുമായി പോകുമെന്നാണ് ഇദ്ദേഹത്തിന്റെ ഭീഷണി.