പട്‌ന- കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചയാള്‍ ആശുപത്രിയില്‍ മരിച്ചു. ബിഹാറിലെ നൗബത്പുര്‍ പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് ഇയാളെ മര്‍ദിച്ചതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ഗരിമ മലിക് പറഞ്ഞു.
സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ 22 പേരെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ചയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഈ മാസം നാലിന് പട്‌നയിലെ റുപാസ്പുര്‍ പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ആരോപിച്ച് ഒരു യാചകനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ 32 പേരാണ് അറസ്റ്റിലായത്.