ന്യൂയോര്‍ക്ക്- ബാലികമാരെ പീഡിപ്പിച്ച കേസുകളില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ അമേരിക്കയിലെ കോടീശ്വരന്‍ ജെഫ്രി എപ്‌സ്‌റ്റെയിന്‍ ജയില്‍ സെല്ലില്‍ തൂങ്ങിമരിച്ചു. ലോവര്‍ മന്‍ഹാട്ടനിലെ ജയിലില്‍ വെള്ളിയാഴ്ച രാത്രി ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മരണത്തെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
ജയില്‍ സെല്ലില്‍ മൂന്നാഴ്ച മുമ്പ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടിരുന്നുവെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴുത്തില്‍ മുറിവുണ്ടായിരുന്നതിനാല്‍ അന്നും ആത്മഹത്യാ ശ്രമമാണ് സംശയിച്ചിരുന്നത്.
ജൂലൈ 23 നു നടന്ന സംഭവത്തിനു ശേഷം ആത്മഹത്യ ചെയ്യാതിരിക്കാന്‍ ജയില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത 30 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നും ബാലികാ കടത്തു നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ നേരിടുന്ന ജെഫ്രി ജൂലൈ ആറിനാണ് അറസ്റ്റിലായിരുന്നത്.
2002 മുതല്‍ 2005 വരെ നൂയോര്‍ക്ക് ബംഗ്ലാവിലും എസ്റ്റേറ്റുകളിലുമെത്തിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്ന ആരോപണങ്ങള്‍ ഇയാള്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. 45 വര്‍ഷം വരെ ജയില്‍ശിക്ഷ വിധിക്കാവുന്ന വകുപ്പകളില്‍ അടുത്ത വര്‍ഷം വിചാരണ നടക്കാനിരിക്കെയാണ് 66 വയസ്സായ ജെഫ്രി എപ്‌സ്‌റ്റെയിന്റെ ആത്മഹത്യ.
മന്‍ഹാട്ടനിലെ പാം ബീച്ചിലും തന്റെ ബംഗ്ലാവുകളിലും 14 വയസ്സിലും താഴെ പ്രായമുള്ള പെണ്‍കുട്ടികളെ കൊണ്ടുവന്ന പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കു പങ്കുവെക്കുകയും ചെയ്തതാണ് കേസുകള്‍.