ന്യൂദല്‍ഹി- കശ്മീരി സ്ത്രീകളെ കുറിച്ചു വിവാദ പരാമര്‍ശം നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരില്‍നിന്ന് ഇനി സ്ത്രീകളെ കൊണ്ടുവരാമെന്നായിരുന്നു താഴ്‌വരയുടെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഖട്ടര്‍ നടത്തിയ പരാമര്‍ശം.
നമ്മുടെ മന്ത്രി ധന്‍ഖര്‍ജി(മന്ത്രി ഒ.പി ധന്‍ഖര്‍)പറയാറുണ്ട്, പെണ്‍കുട്ടികളുടെ എണ്ണം കുറയുകയും ആണ്‍കുട്ടികളുടെ എണ്ണം കൂടുകയും ചെയ്താല്‍ ബിഹാറില്‍നിന്ന് പുത്രവധുക്കളെ കൊണ്ടുവരേണ്ടി വരുമെന്ന്. ഇപ്പോള്‍ ആളുകള്‍ പറയുന്നത്, കശ്മീരില്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ലാത്ത സ്ഥിതിക്ക് അവിടെനിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരാമെന്നാണ്- ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും കശ്മീരി സ്ത്രീകളെ വിവാഹം ചെയ്യാം. മുമ്പ് ഇത് സാധ്യമായിരുന്നില്ല. ഇതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖട്ടറിന്റെ പരാമര്‍ശം. കശ്മീരി സ്ത്രീകളെ കുറിച്ചു ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് രാഹുല്‍ പറഞ്ഞു. ദുര്‍ബലവും അരക്ഷിതവും പരിതാപകരവുമായ ഒരാളുടെ മനസ്സിനെ വര്‍ഷങ്ങളായുള്ള ആര്‍.എസ്.എസിന്റെ പരിശീലനം എങ്ങനെ ബാധിക്കുമെന്ന് ഇത് വ്യക്തമാക്കി തരുന്നു. പുരുഷന്മാര്‍ക്ക് ഉടമസ്ഥത അവകാശപ്പെടാനുള്ള സ്വത്തല്ല സ്ത്രീകള്‍- രാഹുല്‍ ട്വീറ്റ് ചെയ്തു.