ഗസ സിറ്റി- ഗാസ അതിർത്തിയിലെ ബാരിക്കേഡിനരികിൽ ഇസ്‌റാഈൽ സൈന്യം നടത്തിയ വെടിവെപ്പിൽ നാല് ഫലസ്‌തീൻ പോരാളികൾ കൊല്ലപ്പെട്ടു. ബാരിക്കേഡിനരികിൽ നിൽക്കുകയായിരുന്ന നാലംഗ സംഘത്തിന് നേരെയാണ് ഇസ്‌റാഈലി സൈന്യം വെടിയുതിർത്തത്. എന്നാൽ, തോക്കുകളും മിസൈൽ വേധ മിസൈലുകളും ഗ്രനേഡുകളുമായാണ് യുവാക്കൾ അതിർത്തിയിൽ തമ്പടിച്ചിരുന്നതെന്നാണ് ഇസ്‌റാഈൽ ഭാഷ്യം. ഇസ്‌റാഈൽ സൈന്യത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതോടെയാണ് സൈന്യം വെടിവെപ്പ് ആരംഭിച്ചതെന്ന് ഇസ്‌റാഈൽ സൈന്യം ട്വിറ്ററിൽ അറിയിച്ചു. അതേസമയം, ഫലസ്‌തീൻ അധികൃതരുടെ ഭാഗത്ത് നിന്നും ഇത് വരെ പ്രതീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല.