Sorry, you need to enable JavaScript to visit this website.

വേശ്യാലയത്തില്‍ ആവശ്യക്കാരനായെത്തി; യുവാവ് സഹോദരിയെ രക്ഷപ്പെടുത്തി

ന്യൂദല്‍ഹി- വേശ്യാലയത്തില്‍ ആവശ്യക്കാരനായെത്തി യുവാവ് സഹോദരിയെ രക്ഷപ്പെടുത്തി. ദല്‍ഹി ജി.ബി റോഡിലാണ് സംഭവം. കൊല്‍ക്കത്ത യുവതിയെ രക്ഷപ്പെടുത്തിയ പോലീസ് വേശ്യാലയത്തിന്റെ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു.
ആദ്യം വേശ്യാലയത്തിലെത്തിയ നാട്ടുകാരനാണ് 27 കാരിയുടെ സങ്കട കഥ കൊല്‍ക്കത്തിയിലുള്ള സഹോദരനെ അറിയിച്ചത്. തന്നെ വേശ്യാലയ ഉടമക്ക് വില്‍പന നടത്തിയതാണെന്ന വിവരം വെളിപ്പെടുത്തിയ യുവതിയെ സഹായിക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സഹോദരന് വിവരം നല്‍കിയ്ത.
ഉപഭോക്താവായി വേശ്യാലയത്തിലെത്തിയ സഹോദരന്‍ യുവതിയുമായി സംസാരിച്ച ശേഷം ദല്‍ഹി വനിതാ കമ്മീഷനെ അറിയിക്കുകയായിരുന്നു. വനിതാ കമ്മീഷന്‍ ദല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ബലാത്സംഗത്തിന് കേസെടുത്ത കമലാ മാര്‍ക്കറ്റ് പോലീസ് വേശ്യാലയ മാനേജറെ അറസ്റ്റ് ചെയ്തു.
രാത്രി റെയ്ഡ് നടത്തിയാണ് യുവതിയെ മോചിപ്പിച്ചതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്ദീപ് സിംഗ് പറഞ്ഞു.
കൊല്‍ക്കത്തയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവതിയെ അവിടെവെച്ച് പരിചയപ്പെട്ട മറ്റൊരു സ്ത്രീയാണ് മെച്ചപ്പെട്ട ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ദല്‍ഹിയില്‍ എത്തിച്ചത്. ദല്‍ഹിയില്‍ ഇടനിലക്കാരന്‍ വഴി ജി.ബി റോഡിലെ വേശ്യാലയത്തിനു കൈമാറി.
ജൂണ്‍ പത്ത് മുതല്‍ കുടുംബാംഗങ്ങള്‍ക്ക് യുവതിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. വേശ്യാലയ മാനേജര്‍ ഫോണ്‍ വാങ്ങിവെച്ചതിനാലാണ് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. യുവതി രക്ഷപ്പെടുമെന്ന് അറിയാവുന്നതു കൊണ്ടാണ് പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് ഉപഭോക്താവായി വേശ്യാലയത്തിലെത്തിയതും യുവതിയുടെ കഥ കേട്ടതും. ഇയാള്‍ സഹായം വാഗ്ദാനം ചെയ്ത് സഹോദരന്റെ നമ്പര്‍ വാങ്ങിയാണ് വിവരം അറിയിച്ചത്. യുവതിയുടെ സഹോദരന്‍ നേരത്തെ കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
യുവതിയുടെ സഹോദരന്‍ നല്‍കിയ വിവരങ്ങളുട അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് പോലീസിന്റെ കൂടി സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തിയതെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇടനിലക്കാരനേയും യുവതിയെ വഞ്ചിച്ച സ്ത്രീയേയും അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പോലീസിനോട് ആവശ്യപ്പെട്ടു. ജി.ബി റോഡിലെ വേശ്യാലയങ്ങള്‍ അടച്ചുപൂട്ടി അവിടെയുള്ള സ്ത്രീകളെ പുനരധിവസിപ്പിക്കണെന്ന് സ്വാതി മാലിവാള്‍ ആവര്‍ത്തിച്ചു. നേരത്തെ മുതല്‍ തന്നെ അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

 

Latest News