ചന്ദൗസി- സര്‍ക്കാര്‍ റെയില്‍വേ പോലീസ് (ജി.ആര്‍.പി) ബിസിനസുകാരനെ പീഡിപ്പിക്കുകയും 50,000 രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കിയതായും ചെയ്തു. ഉത്തര്‍പ്രദേശിലെ ചന്ദൗസി റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വ്യവസായിയെ രാത്രി മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
തണുത്ത വെള്ളം കുടിക്കാനാണ് അങ്കിത് റസ്‌തോഗിയെന്ന ബിസിനസുകാരന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. സിവില്‍ വേഷത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം.
71,000 രൂപക്ക് പുറമെ, മൊബൈല്‍, മോതിരം, രുദ്രാക്ഷ ജപമാല എന്നിവ പോലീസുകാര്‍ പിടിച്ചെടുക്കുകയും രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. രാവിലെ ഒരാള്‍ക്ക് കുറച്ച് പണം നല്‍കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ 21,000 രൂപ തിരികെ നല്‍കി. ഒരു പേപ്പറില്‍ ഒപ്പു വാങ്ങിയ ശേഷം പരാതിപ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചതെന്നും അങ്കിത് പറയുന്നു.
രാവിലെ ജിആര്‍പി പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി നേതാക്കള്‍ പോലീസ് ഉദ്യോസ്ഥരുമായി ഏറ്റുമുട്ടി.
സംഭവത്തില്‍ കോണ്‍സ്റ്റബിള്‍മാരായ ഹേമന്ത്, വസീം, അഖില്‍ എന്നിവരെ റെയില്‍വേ എസ്.പി പി.കെ തിവാരി സസ്‌പെന്‍ഡ് ചെയ്തു. ബിസിനസുകാരന്റെ പണം തിരികെ നല്‍കാന്‍ എസ.പി നിര്‍ദേശിച്ചതായും ജി.ആര്‍.പി വക്താവ് ദേവി ദയാല്‍ പറഞ്ഞു.