ന്യൂദൽഹി- ജമ്മു കശ്‌മീരിൽ പ്രത്യേകമായുണ്ടായിരുന്ന ആർട്ടിക്കിൾ 370 എടുത്ത് കളയുകയും രണ്ടു ഭാഗങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്‌ത കേന്ദ്ര സർക്കാർ നടപടിക്ക് ശേഷം തീരത്തെ ഇന്ത്യൻ യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണെന്നു ഇന്ത്യൻ നേവി അറിയിച്ചു. പാകിസ്ഥാനിൽ നിന്നും തീവ്രവാദികൾ ഏതു സമയവും ആക്രമണവുമായി എത്തിയേക്കുമെന്ന ധാരണയിലാണ് ഇന്ത്യൻ നേവി തങ്ങളുടെ യുദ്ധ കപ്പലുകൾ സജ്ജമാക്കി നിർത്തിയതെന്ന് ഇന്ത്യൻ നേവി അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാർ നടപടികൾക്ക് ശേഷം തങ്ങൾ അതീവ ജാഗരൂഗരാണെന്നും കിഴക്ക്, പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തീരദേശത്തെ ഓരോ പ്രവേശ കവാടങ്ങളും സസൂക്ഷ്‌മ നിരീക്ഷണത്തിലാണെന്നും സൈന്യം അറിയിച്ചു.
അതിനിടെ, കശ്‌മീരിൽ പെരുന്നാൾ പ്രമാണിച്ച് സൈന്യം അതീവ ജാഗ്രതയിലാണ്. നിലവിൽ ഭീകരമായ പ്രശ്‌നങ്ങളൊന്നും തന്നെ നേരിടുന്നില്ലെങ്കിലും അനിഷ്ട സംഭവങ്ങൾ നേരിടാൻ പ്രതിരോധ നടപടികൾ ശക്തമായി നടക്കുകയാണെന്ന് ജമ്മു കശ്‌മീർ ചീഫ് സെക്രട്ടറി അറിയിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ വിട്ടുനിൽക്കണമെന്നും ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിൽ ഇടപടേണ്ടെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാർ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.