Sorry, you need to enable JavaScript to visit this website.

ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരെ വിമർശിച്ച് ഡോ. ബി. ഇക്ബാൽ 

തിരുവനന്തപുരം - മദ്യലഹരിയിൽ മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ ഡോക്ടർമാർ നടത്തുന്ന ശ്രമത്തെ വിമർശിച്ച് ഡോ. ബി. ഇക്ബാൽ. 
ശ്രീറാമിനെ ആദ്യം പരിശോധിച്ച ഡോക്ടർ മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയെങ്കിലും വൈദ്യപരിശോധന നടത്തിയില്ല. ശ്രീറാമിനെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും ഇപ്പോൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വൈദ്യശാസ്ത്ര ധാർമികത ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊല ചെയ്ത ഡോക്ടർ കൂടിയായ ഐ.എ.എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഡോ. ഇക്ബാൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
ഡോ. ശ്രീറാം വെങ്കട്ടരാമൻ ഐ.എ.എസ് മദ്യലഹരിയിൽ ബോധമില്ലാതെ ഡ്രൈവ് ചെയ്തിരുന്ന കാറിടിച്ച് സൗമ്യനും മികച്ച പത്രപ്രവർത്തകനുമായ കെ.എം ബഷീർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ മലയാളികളുടെ നീതി ബോധത്തിനും ധാർമികതക്കുംനേരെ കടുത്ത വില്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കയാണ്. മദ്യപരിശോധന മനഃപൂർവം വൈകിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പോലീസുകാരെ കോടതി തന്നെ വിമർശിച്ചിട്ടുണ്ട്. 
ശ്രീറാമിനെ ആദ്യം പരിശോ ധിച്ച ജനറലാശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മദ്യം മണത്തെന്ന് പറയുന്നുണ്ടെങ്കിലും രക്തപരിശോധന നടത്താൻ ശ്രമിച്ചില്ല. ഡോ. ശ്രീറാമിനെ പിന്നീട് ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും ഇപ്പോൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വൈദ്യശാസ്ത്ര ധാർമികത നിരന്തരം ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊല ചെയ്ത ഡോക്ടർ കൂടിയായ ഐ.എ.എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവർക്ക് പ്രശ്‌നമല്ലായിരിക്കാം. ഏറ്റവും അവസാനം അപകടത്തിൽ പെടുന്നവർക്ക് തലക്ക് പരിക്ക് പറ്റുമ്പോൾ അപൂർവമായി കാണപ്പെടുന്ന ഞലേൃീഴൃമറല അാിലശെമ എന്ന മറവി വൈകല്യം ഡോ. ശ്രീറാമിനു ബാധിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ബോർഡ് രേഖപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞു. പരിക്ക് പറ്റുന്നതിന് മുൻപുള്ള കാര്യങ്ങൾ ഓർമിച്ചെടുക്കാൻ പറ്റാതെ വരുന്നതിനെയാണ് Rterograde Amnesia എന്ന് പറയുക. ഇനിയിപ്പോൾ പിന്നീടുള്ള വിവരങ്ങളും മറന്നുപോകുന്ന Anterograde Amnesia എന്ന ഓർമത്തകരാറു കൂടി ഡോ. ശ്രീറാമിന് സംഭവിച്ചിട്ടുണ്ടെന്ന് പറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡോക്ടർമാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാൻ കേരള സമൂഹത്തിനാവില്ല.
രോഗ ചികിത്സയിലും രോഗികളോടുള്ള പെരുമാറ്റത്തിലുമെല്ലാം മെഡിക്കൽ പ്രൊഫഷൻ പിന്തുടരേണ്ട നൈതിക പെരുമാറ്റ രീതി എന്തൊക്കെയെന്ന് ലോക മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ കൗൺസിലും വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഡോക്ടർമാർ ചെയ്യുന്ന അധാർമിക പ്രവർത്തനങ്ങളും ചതിയും വഞ്ചനയും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ അതേപ്പറ്റി അറിയാവുന്ന മറ്റ് ഡോക്ടർമാർ ബാധ്യസ്ഥരാണെന്ന് പെരുമാറ്റ ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വൈദ്യലോകം എല്ലാ സാഹചര്യങ്ങളിലും ബാധ്യസ്ഥരാണെന്നും വൈദ്യ ധാർമികതാ പെരുമാറ്റ ചട്ടം പറയുന്നു.
കേരളത്തിലെ വൈദ്യലോകം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാൻ ബാധ്യസ്ഥൻ കൂടിയായ ഉയർന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടർ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അർഹമായ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തി വരുന്ന ശ്രമങ്ങൾക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നിൽക്കയാണെന്ന് പൊതു സമൂഹം കരുതുന്നു. വൈദ്യശാസ്ത്ര ധാർമികതയുടെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കട്ടരാമൻ നടത്തിയ കുറ്റകൃത്യത്തെ തുടർന്ന് വൈദ്യ ലോകത്തിന്റെ ഭാഗത്തുണ്ടായി ക്കൊണ്ടിരിക്കുന്ന അധാർമികതകളെപ്പറ്റി പ്രതികരിക്കാൻ ഡോക്ടർമാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടർമാരും തയാറാവേണ്ടതാണ്. അല്ലെങ്കിൽ പിൽക്കാലത്ത് ഈ കുറ്റകൃത്യത്തിൽ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും.

 

Latest News