ന്യൂദല്‍ഹി- പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നാളെ ദല്‍ഹിയില്‍ യോഗം ചേരുന്നു. ഇടക്കാല പ്രസിഡന്റിനെയായിരിക്കും തീരുമാനിക്കുകയെന്നും തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്.
മുന്‍കേന്ദ്ര മന്ത്രിമാരും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളവരുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക് എന്നിവരെയാണ് രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി പരിഗണിക്കുന്നത്. രണ്ടു പേരും ദളിത് നേതാക്കളാണ്. വാസ്‌നിക് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മഹാരാഷ്ട്രയില്‍നിന്നുള്ള മന്ത്രിയുമായിരുന്നു. ഖാര്‍ഗെ കര്‍ണാടകയില്‍നിന്നുള്ള മുതിര്‍ന്ന നേതാവാണ്. കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ് നോതാവായിരുന്നു. ഇരുവരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
നിര്‍ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു മുന്നോടിയായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, അഹ്മദ് പട്ടേല്‍ എന്നിവരുമായും കെ.സി. വേണുഗോപാലുമായും ചര്‍ച്ച നടത്തി.
അതിനിടെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മാത്രം തീരുമാനിച്ചാല്‍ പോരാ, പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ കൂടി പങ്കെടുക്കണമെന്ന് വെള്ളിയാഴ്ചത്തെ ചര്‍ച്ചക്കുശേഷം രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.