ന്യൂദൽഹി- നിരോധിത കുപ്പി മരുന്നുകളുമായി റിയാദ് യാത്രക്കാരൻ ദൽഹി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. നിരോധിത ഇനത്തിൽ 110 കുപ്പി കഫ് സിറപ്പുമായാണ് യാത്രക്കാരനെ കസ്‌റ്റംസ് അധികൃതർ പിടികൂടിയത്. എന്നാൽ, ഏതു തരത്തിലുള്ള കഫ്‌സിറപ്പാണ് ഇതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പിടികൂടിയ യുവാവിനെ കുറിച്ചുള്ള വിവരങ്ങളും അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ കസ്‌റ്റംസ് അധികൃതരാണ് യുവാവിനെ നിരോധിത മരുന്നുകളുമായി പിടികൂടിയത്. നിരോധിത മരുന്നുകളിൽ പെട്ട 100 മില്ലിയുടെ 110 കുപ്പികളാണ് ഇയാളുടെ ബാഗേജിൽ കണ്ടെത്തിയത്. ഇതിന്റെ മാർക്കറ്റ് വിലയും അധികൃതർ പുറത്ത് വിട്ടിട്ടില്ല. മയക്കുമരുന്ന്, ലഹരിവസ്‌തു നിയമപ്രകാരം അറസ്‌റ്റു ചെയ്‌ത ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.