മുംബൈ- കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവും ആയിരം രൂപ പിഴയും വിധിച്ചു. മഹാരാഷ്‌ട്രയിലെ സ്‌പെഷ്യൽ കോടതിയാണ് 42 കാരനെ ജീവപര്യന്തം തടവിന് വിധിച്ചത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന പോക്‌സോ നിയമപ്രകാരമാണ് യുവാവിനെതിരെ വിധി പുറപ്പെടുവിച്ചത്. പിഴ തുകയായി പ്രഖ്യാപിച്ച ആയിരം രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2016 ലാണ് യുവാവ് കൗമാരക്കാരിയെ തുടർച്ചയായ ബലാത്സംഗത്തിനിരയാക്കിയത്. വിവാഹിതനായ ഇയാൾക്ക് ഒരു ആൺകുട്ടിയുമുണ്ട്.
പ്രതിയുടെ അയൽക്കാരിയായ ഒൻപതാം ക്ളാസുകാരിയെയാണ് തുടർച്ചയായി ബലാത്സംഗം ചെയ്‌തിരുന്നത്. പ്രതിയുടെ ഭാര്യയും കുട്ടിയും ഭാര്യാ വീട്ടിലേക്ക് പോകുന്ന അവസരത്തിലാണ് ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ ചെയ്‌തികൾക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. തുടർന്ന് ഏതാനും മാസങ്ങൾക്ക് ശേഷം പെൺകുട്ടി ഗർഭം ധരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുടുംബത്തിന്റെ ഏക ആശ്രയമായ പ്രതിയോട് കരുണ കാണിക്കണമെന്ന പ്രതിഭാഗം വക്കിലിന്റെ ആവശ്യം കോടതി തള്ളി.