കോഴിക്കോട്- നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായ വയനാട് മേപ്പാടി പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സൈന്യവും ദുരന്തപ്രതികരണ സേനയും രംഗത്തുണ്ട്. ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. കല്പറ്റയില്നിന്ന് 20 കിലോമീറ്റര്‍ അകലെ പ്ലാന്റേഷന് ഗ്രാമമായ പുത്തുമലയില്‍ 60 കുടുംബങ്ങളാണ് താമസം.
നൂറേക്കറോളം സ്ഥലം ഒലിച്ചുപോയ ഇവിടെനിന്ന് നാല് മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. നാല്പതോളം പേര് മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. രണ്ട് പാര്‍പ്പിടകേന്ദ്രങ്ങള്‍, ഏതാനും വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. ദുരന്തസമയത്ത് പാര്‍പ്പിട കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആളുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു.