കൊൽക്കത്ത- രാജ്യത്തെ ആദ്യ വെള്ളത്തിനടിയിലെ മെട്രോ ട്രെയിൻ ഉടൻ യാഥാർഥ്യമാകുമെന്നു റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വെളിപ്പെടുത്തി. കൊൽക്കത്തയിലെ ഹൂഗ്ലി നദിയിലാണ് ആദ്യ ജലാന്തർ മെട്രോ ട്രെയിൻ യാഥാർഥ്യമാകുന്നത്. വെള്ളത്തിനടിയിലെ ട്രെയിൻ പ്രത്യേകതകൾ ഉൾകൊള്ളുന്ന വീഡിയോയും അദ്ദേഹം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മികച്ച എഞ്ചിനീയറിംഗിന്റെ ഉദാഹരണമാണിതെന്നും ഇന്ത്യൻ റെയിൽവേയുടെ ഉയർച്ചയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊൽക്കത്ത നിവാസികൾക്ക് പുത്തൻ അനുഭൂതി നൽകുന്നതായിരിക്കും വെള്ളത്തിനടിയിലെ പുതിയ മെട്രോ ട്രെയിൻ സർവ്വീസ്.
രണ്ടു തണലുകൾക്കിടയിൽ വെള്ളം കയറാതിരിക്കാൻ നാല് സുരക്ഷിത കവചങ്ങൾ സംവിധാനിച്ചാണ് ട്രെയിൻ സഞ്ചാരം യാഥാർഥ്യമാക്കുന്നത്. കൊൽക്കത്ത മെട്രോ ലൈൻ രണ്ടിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പതിനാറു കിലോമീറ്റർ ദൂരമുള്ള രണ്ടു ഫേസ് ഉൾക്കൊല്ലുന്ന പുതിയ പദ്ധതി ഈ മാസം അവസാനത്തോടെ ഓടിത്തുടങ്ങുമെന്നാണ് കരുതുന്നത്. 2017 ഏപ്രിൽ അവസാന വാരമാണ് വെള്ളത്തിനടിയിലെ ഈ മെട്രോ നിർമ്മാണം ആരംഭിച്ചത്. മുപ്പത് മീറ്റർ ആഴത്തിൽ സ്ഥിതിചെയ്യുന്ന 520 മീറ്റർ ദൂരത്തിലുള്ള ടണലുകളാണ് നിർമ്മിച്ചിരിക്കുന്നത്. ജർമനിയിൽ നിന്നെത്തിച്ച രണ്ടു തുരങ്ക നിർമ്മാണ മെഷിൻ ഉപയോഗിച്ചാണ് പ്രവർത്തനം. പാർട്സുകളായി ഇവിടെയെത്തിച്ച യന്ത്ര ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ടണൽ നിർമ്മാണ യന്ത്രം നിർമ്മിച്ചത്. .