യുവാവിന് വേണ്ടി രംഗത്തിറങ്ങാതെ ധീരമായ നടപടിയുമായി ബാർ അസോസിയേഷൻ
ഹൈദരാബാദ്- ഒൻപത് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിൽ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. തെലങ്കാനയിലെ കോടതിയാണ് പ്രതിയായ 28 കാരൻ കൊലപ്പക പ്രവീൺ എന്ന യുവാവിന് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ജൂൺ 19 നാണു യുവാവ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം സംസ്ഥാനത്ത് ഏറെ വിവാദമായതോടെ ഫാസ്‌റ്റ് ട്രാക്ക് കോടതിക്ക് രൂപം നൽകിയിരുന്നു. തുടർന്നാണ് 51 ദിവസങ്ങൾക്ക് ശേഷം ഒന്നാം അഡീഷണൽ ജില്ലാ ജഡ്‌ജി കെ ജയകുമാർ യുവാവിന് വധശിക്ഷ വിധിച്ചത്.
ടെറസിൽ മാതാവിനോടൊത്ത് ഉറങ്ങുമ്പോഴാണ് യുവാവ് കുഞ്ഞിനെ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. തുടർന്ന് ലൈംഗീകമായി ഉപയോഗിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. വരങ്കൽ ജില്ലയിലെ ഹനംകൊണ്ടയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവം അരങ്ങേറുമ്പോൾ യുവാവ് കടുത്ത ലഹരിയിലായിരുന്നു. പിന്നീട് പിടികൂടിയ യുവാവിനെ നാട്ടുകാർ പെരുമാറിയ ശേഷമാണു പോലീസിൽ ഏൽപ്പിച്ചത്. യുവാവിന് വേണ്ടി വാദിക്കാൻ പോകേണ്ടതില്ലെന്നു വരങ്കൽ ജില്ലാ ബാർ അസോസിയേഷൻ തീരുമാനിച്ചിരുന്നു.