ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ നാളത്തെ ജുമുഅ നമസ്‌കാരവും പെരുന്നാള്‍ ദിനവും കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങളിലും നിയന്ത്രണങ്ങളിലും അല്‍പം ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 12 ന് തിങ്കളാഴ്ചയാണ് ഈദുല്‍ അദ്ഹ.
സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് സുരക്ഷാ നിയന്ത്രണങ്ങളില്‍ ചെറിയ ഇളവു വരുത്തുന്നത്.
താഴ്‌വരയിലെ സ്ഥിതിഗതികള്‍ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താഴ്‌വരയിലെ സ്ഥിതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലയിരുത്തുന്നുണ്ട്. ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കു മുന്നോടിയായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സുരക്ഷാ സന്നാഹങ്ങളും പിന്‍വലിക്കുന്നതിന് സയമപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കേണ്ടതിനാല്‍ നിലവിലുള്ള കര്‍ഫ്യൂവില്‍ ഇളവ് വരുത്തുന്ന കാര്യം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൊബൈല്‍ വഴിയും ബ്രോഡ്ബ്രാന്റ് വഴിയുമുള്ള ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ ആലോചിക്കുന്നില്ല. ജനങ്ങളെ സംഘടിപ്പിക്കാനും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നത് തടയാനാണിത്.
കര്‍ശന നിയന്ത്രണങ്ങളുണ്ടായിട്ടും ശ്രീനഗറില്‍ കല്ലേറ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘം പുറത്തിറങ്ങി കല്ലെറിഞ്ഞ ശേഷം ഓടിമറയുകയാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.