ശ്രീനഗര്‍- കശ്മീരില്‍ സി.ആര്‍.പി.എഫുകാര്‍ വളഞ്ഞതിനെ തുടര്‍ന്ന് നദിയിലേക്ക് ചാടിയ പതിനേഴുകാരന്‍ മരിച്ചു. പല്‍പോരയിലാണ് സംഭവം. ഇരുഭാഗത്തുനിന്നും സി.ആര്‍.പി.എഫ് ഭടന്മാര്‍ വന്നതോടെ നടപ്പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ ഉസൈബ് അല്‍താഫാണ് മരിച്ചത്.
കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ശേഷം സൈന്യത്തിന്റെ പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ 13 പേര്‍ ആശുപത്രിയിലാണെന്ന് ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു അല്‍ത്താഫിന്റെ മരണം. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അല്‍ത്താഫും കൂട്ടുകാരും. സി.ആര്‍.പി.എഫ് സംഘം വരുന്നത് കണ്ടതിനെ തുടര്‍ന്ന് ഇവര്‍ അവിടെനിന്ന് ഒരു പാലത്തിലൂടെ നടന്നുപോകുകയായിരുന്നു. മുമ്പിലും പിറകിലും സി.ആര്‍.പി.എഫ് സൈനികര്‍ നിരന്നതോടെ അല്‍ത്താഫ് അടക്കമുള്ളവര്‍ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന അല്‍ത്താഫ് വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. നദിയില്‍ മണല്‍വാരുകയായിരുന്ന തൊഴിലാളികളാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.
പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ 13 പേര്‍ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്നും ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.