Sorry, you need to enable JavaScript to visit this website.

എണ്ണ വില വീണ്ടും താഴോട്ട്; ആഗോള സാമ്പത്തിക മാന്ദ്യം അരികെ

ലണ്ടന്‍- അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കു വരെ നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എണ്ണ വില വീണ്ടും താഴോട്ട്. ഏഴു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തി ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില 1.04 ഡോളാറാണ് (1.75 ശതമാനം) ഇടിഞ്ഞത്. 57.90 ഡോളറായിരുന്നു ബാരല്‍ വില. ഈ വര്‍ഷം ഏപ്രിലില്‍ വില അല്‍പം ഉയര്‍ന്ന ശേഷം ഇതുവരെ 20 ശതമാനമാണ് ഇടിഞ്ഞത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ 300 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഇറക്കുമതി 10 ശതമാനത്തിലേറെ നികുതി ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി എണ്ണ വിപണിയെ മാത്രമല്ല, ആഗോള ഓഹരി വിപണികളേയും പിടിച്ചുലച്ചിരിക്കയാണ്.
ചൈനയുമായുള്ള വ്യാപാര തര്‍ക്കം ഇനിയും വഷളാകാനുള്ള സാധ്യതയും ഭീതിയും പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസ്താവന ഏഷ്യന്‍ ഓഹരി വിപണിയെ സ്വാധീനിച്ചില്ല. എണ്ണ നീക്കത്തിന്റെ പ്രധാന റൂട്ടായ ഹുര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ ടാങ്കറുകള്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി മധ്യപൗരസ്ത്യ ദേശത്തെ സംഘര്‍ഷം രൂക്ഷമാക്കുകയും ചെയ്തു.
ഗള്‍ഫിലെ സമുദ്ര പാതയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഗുരതരമാണെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹും യു.എസ് എനര്‍ജി സെക്രട്ടറി റിക് പെറിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇപ്പോഴത്തെ വിലയിടിവ് ന്യായീകരിക്കത്തക്ക വിധം എണ്ണ ഡിമാന്റ് കുറഞ്ഞിട്ടില്ലെന്നും മാന്ദ്യമില്ലെന്നും എണ്ണ ആവശ്യം വര്‍ധിക്കുമെന്നും വളര്‍ച്ച തന്നെയാണ് മുന്നിലുള്ളതെന്നും കൊമേഴ്‌സ്ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News