Sorry, you need to enable JavaScript to visit this website.

കശ്മീര്‍ വേവുന്നു; പ്രേതനഗരമായി ശ്രീനഗര്‍, പൊട്ടിത്തെറിക്കുമെന്ന് സൈനികരും

ശ്രീനഗര്‍- പട്ടാളക്കാരുടെ റൂട്ട് മാര്‍ച്ച് ഒഴിച്ചുനിര്‍ത്തിയാല്‍ കശ്മീരില്‍ ശ്മശാന മൂകത തുടരുന്നു. കമ്പിവേലികള്‍ക്കും ബാരിക്കേഡുകള്‍ക്കും സമീപം സായുധ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ വിഭജനവും പ്രത്യേക പദവി റദ്ദാക്കലും ഉള്‍പ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയശേഷം സൈന്യം താഴ് വരയില്‍ അതീവ ജാഗത്രയാണ് തുടരുന്നത്. കവിചത വാഹനങ്ങള്‍ എപ്പോഴും റോന്ത് ചുറ്റുന്നു.  പത്ത് ലക്ഷത്തോളം ജനസംഖ്യയുള്ള ശ്രീനഗര്‍ പട്ടണം പ്രേതനഗരം പോലെ ആയിട്ടുണ്ട്. വിരലിലെണ്ണാവുന്നവര്‍ മാത്രമേ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നുള്ളൂ. കര്‍ഫ്യൂ നിലവിലുള്ളതിനാല്‍ ജനങ്ങള്‍ അറസ്റ്റ് ഭയക്കുന്നു. കര്‍ഫ്യൂ പിന്‍വലിക്കുന്നതോടെ ചിത്രം മാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഭയപ്പെടുന്നു.

https://www.malayalamnewsdaily.com/sites/default/files/2019/08/07/migrants.png

ശ്രീനഗറില്‍ ബസ് കാത്തുനില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍.

കര്‍ഫ്യൂ ഇതുപോലെ എല്ലാക്കാലത്തും തുടരാനാവില്ലെന്ന് തടവിലാക്കപ്പെട്ട കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദ് ശ്രീനഗറില്‍നിന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താഴ്‌വരയിലെ ജനങ്ങള്‍ അടങ്ങിയിരിക്കില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
1989 മുതല്‍ ഇന്ത്യന്‍ ഭരണത്തിനെതിരെ താഴ്‌വരയില്‍ തുടരുന്ന സായുധ കലാപത്തില്‍ 70,000 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും സാധാരണ മനുഷ്യരാണ്.
കശ്മീരിലുള്ളവര്‍ക്ക് മാത്രം ഭൂമി വാങ്ങാനും സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടാനും ഉണ്ടായിരുന്ന പ്രത്യേക പദവിയാണ് റദ്ദാക്കുകയും കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാക്കുകയും ചെയ്തിരിക്കുന്നത്. സുപ്രധാന തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ്  റദ്ദാക്കിയ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സ്വയംഭരണം നഷ്ടപ്പെട്ടതിനെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍ വാര്‍ത്താ ഏജന്‍സികളുമായി സംസാരിച്ചവരെല്ലാം വരാനിരിക്കുന്ന ഭീതിയുടെ നാളുകളെ കുറിച്ചുള്ള ആശങ്കകളാണ് പങ്കുവെക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും ഇന്ത്യന്‍ ജനാധപത്യത്തിലുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചുവെന്നും വെറുപ്പ് മാത്രമേ ഇപ്പോള്‍ ഉള്ളൂവെന്നും ഷാനവാസ് ഹുസൈന്‍ എന്ന ശ്രീനഗര്‍ സ്വദേശി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സൈന്യത്തിന്റെ അതീവ ജാഗ്രത തുടരുന്നതിനിടയിലും അങ്ങിങ്ങായി പ്രതിഷേധം ഉയരുന്നുണ്ട്. പോലീസ് പിന്തടര്‍ന്നതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ ഒരു യുവാവ് മരിച്ചു. വെടിയേറ്റ പരിക്കുകളോടെ ആറ് പേരെ ശ്രീനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മു കശ്മീരില്‍ പൂര്‍ണ സമാധാനമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സമാധാനത്തിനു ഭീഷണിയാകുമെന്ന് വിലയിരുത്തി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം നൂറിലേറെ കശ്മീരി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കയാണ്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍  വലിയ ബാഗുകളുമായി നാടുകളിലേക്ക് മടങ്ങുന്നു. ഇതര സംസ്ഥാനക്കാര്‍ക്കെതിരെ ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ സ്ഥലമാണ്, ഇവിടെ നിന്ന് പോകൂ എന്ന് ശ്രീനഗറിലെ ഒരു കെട്ടിടത്തില്‍നിന്ന് വിളിച്ചു പറഞ്ഞു.
കശ്മീര്‍ വേവുകയാണെന്നും പൊട്ടിത്തെറിക്കുമെന്നും എപ്പോഴാണെന്ന് നോക്കിയാല്‍ മതിയെന്നും പേരു വെളിപ്പെടുത്താതെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതിഷേധ സ്‌ഫോടനങ്ങളില്ലാതെ ഈ അടച്ചിട്ട അവസ്ഥ എങ്ങനെ ഒഴിവാക്കാനാകുമെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് ഓഫീസര്‍മാര്‍ക്കും ഭരണ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ സാറ്റലൈറ്റ് ഫോണുകള്‍ നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്നും അദൃശ്യമായ ഏതോ പ്രകൃതിക്ഷോഭം സംഭവിച്ചതു പോലെയാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ നൂറു മീറ്ററിലും ചെക്ക് പോയന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ജോലിക്ക് പോകുന്നവരെ മാത്രമേ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നുള്ളൂ. ആയിരക്കണക്കിന് അര്‍ധസൈനികരാണ് റോഡുകളിലും തെരുവുകളിലും പട്രോളിംഗ് നടത്തുന്നത്. ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. ആളുകള്‍ അങ്ങിങ്ങായി പുറത്തിറങ്ങിയാല്‍ തന്നെ വരിയായാണ് നീങ്ങുന്നത്. ഫ്രഷ് ഉല്‍പന്നങ്ങളൊന്നും താഴ്‌വരയില്‍ എത്തുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഞങ്ങള്‍ കുറ്റവാളികളായിരിക്കയാണെന്നും വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടുവെന്നും ഞങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ പൗരന്മാരായി തോന്നിയിരുന്നില്ലെന്നും ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യ ആയിരിക്കയാണെന്നും ശ്രീനഗര്‍ സ്വദേശിയായ മുഹമ്മദ് ആസിഫ് പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ ദുരന്തമല്ലാതെ മറ്റൊന്നുമല്ലെന്ന് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയും ബദ്ഗാം സ്വദേശിയുമായ ആദില്‍ അഹ്മദ് പറഞ്ഞു. ഭാവിയെ കുറിച്ച് ഒട്ടും പ്രതീക്ഷയില്ലെന്നും ദൈവം രക്ഷിക്കട്ടെയെന്നും ആദില്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News