Sorry, you need to enable JavaScript to visit this website.

സാബിത്ത് വധക്കേസിലെ പ്രതികളെ വിട്ടയച്ചതിൽ ഗുരുതര പിഴവ്

കാസർകോട്- പ്രമാദമായ ചൂരിയിലെ സാബിത്ത് വധക്കേസിൽ മുഴുവൻ പ്രതികളെയും വിട്ടയച്ച ജില്ലാ കോടതി വിധിയിൽ ഗുരുതരമായ പാകപ്പിഴവുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 16 നാണ് കേസിലെ എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. നിരപരാധികളെ കൊലപ്പെടുത്തുകയും കുറ്റവാളികൾ നിരുപാധികം വിട്ടയക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്കിടയിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 
കേസിലെ പ്രതികളായ വൈശാഖ്, അക്ഷയ് എന്നിവർ സാബിത്തിനെ കൊലപ്പെടുത്തി എന്നാണ് കേസ്. റഈസിനെ പിന്നിലിരുത്തി സ്‌കൂട്ടറിൽ വരികയാരുന്ന സാബിത്തിനെ അക്ഷയിന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന് എത്തിയ അക്ഷയ് കുത്തുകയായിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായി അക്ഷയ് ആണ് സ്‌കൂട്ടർ ഓടിച്ചുവന്നതെന്നും വൈശാഖ് ആണ് കുത്തിയതെന്നുമാണ് ചാർജ് ഷീറ്റിൽ പറയുന്നത്. അക്ഷയ് സ്‌കൂട്ടർ ഓടിച്ചുവന്നിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. അങ്ങനെയൊരു വാദം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ല. വൈശാഖ് സാബിത്തിനെ കുത്തിയെന്ന വാദം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ല. പ്രോസിക്യൂഷനിലില്ലാത്ത പരസ്പര വിരുദ്ധമായ കാര്യത്തിൽ വിധിക്ക് ശേഷവും ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 
പോലീസിന്റെ കുറ്റപത്രത്തിൽ സാബിത്ത് കൂട്ടുകാരനായ റഈസിനെയും കൂട്ടി പെട്രോൾ വാങ്ങാൻ റഈസിന്റെ വീട്ടിൽ നിന്നും രാവിലെ 10.30 മണിക്ക് പുറപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയത്. അതേസമയം കോടതിയുടെ വിധി ന്യായത്തിൽ 11.30 മണിക്കാണ് പുറപ്പെട്ടതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ സമയത്ത് കുത്തേറ്റ് നുള്ളിപ്പാടി ജെ.പി നഗർ പാറക്കട്ടെ റോഡിലാണ് സാബിത്തും റഈസും ഉണ്ടായിരുന്നത്. കുറ്റപത്രം തയ്യാറാക്കുന്ന വേളയിൽ സംഭവത്തിന്റെ പ്രാഥമിക വിവരങ്ങളെ കുറിച്ചുപോലും ശരിയായി മനസിലാക്കാതെ കോടതിയിൽ നിന്നും ന്യായമായ അന്തിമ വിധി എങ്ങനെയുണ്ടാകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചോദിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ കുറ്റപത്രത്തിന്റെ കോപ്പി അപേക്ഷിച്ചിട്ടും വിധി വന്നതിന് ശേഷമാണ് കോപ്പി ലഭിച്ചത്. ക്രിമിനൽ നടപടി ക്രമം 313 വകുപ്പ് പ്രകാരം പറയുന്നത് കേസ് വിചാരണ പൂർത്തിയാക്കുന്നതോടെ പ്രതികൾക്കെതിരെ തെളിവ് വന്നിട്ടുള്ള സാഹചര്യങ്ങളെ കുറിച്ച് അവർക്ക് വിശദീകരണം നൽകാനായി അത്തരം സാഹചര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ കോടതിയിൽ നിന്ന് പ്രതികളോട് ചോദിക്കണമെന്നാണ്. അത്തരം സാഹചര്യങ്ങളെയും ചോദിക്കേണ്ട ചോദ്യങ്ങളെയും കുറിച്ച് കോടതിയിൽ എഴുതിസമർപ്പിക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും അവകാശമുണ്ടെന്നും 313 വകുപ്പിൽ പറയുന്നുണ്ട്. ഇത്തരത്തിൽ 300 ൽപരം ചോദ്യങ്ങൾ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും എഴുതി സമർപ്പിച്ചിരുന്നു. പ്രതിഭാഗത്തുനിന്നും ഒരു ചോദ്യം പോലും സമർപ്പിച്ചില്ല. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും സമർപ്പിച്ച ഓരോ ചോദ്യവും കോടതിയിൽ പ്രതികളോട് ചോദിച്ചിരുന്നു. പക്ഷേ വിധി ന്യായത്തിൽ കോടതിയിൽ നിന്നും ചോദിച്ച ചോദ്യങ്ങളെ പരാമർശിക്കുന്ന പ്രതികൾക്കെതിരായ സാഹചര്യങ്ങളെ കുറിച്ച് മൗനം പാലിക്കുകയായിരുന്നുവെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിൽ സംഭവിച്ച പാകപ്പിഴവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ വിട്ടയക്കാൻ പാടില്ലെന്ന് നിരവധി സുപ്രീം കോടതി വിധികൾ ഉണ്ടെങ്കിലും കോടതി ആ വിധികളൊന്നും പാലിച്ചില്ല. കേസിന്റെ ഭാഗമായി സുപ്രീം കോടതിയുടെ 40 ലേറെ വിധിന്യായങ്ങളുടെ പകർപ്പുകളും അത് ഉദ്ധരിച്ചുകൊണ്ടുള്ള 200 ഓളം പേജുകളുള്ള മെമോറാണ്ടം ഓഫ് ആർഗ്യുമെന്റും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ആ വിധി ന്യായങ്ങളൊന്നും കോടതിയുടെ വിധി ന്യായത്തിൽ പരിഗണിച്ചിട്ടില്ല. ക്രിമിനൽ നടപടി 313 വകുപ്പിൽ പറയുന്നത് കേസിന്റെ അവസാന വിചാരണ കഴിഞ്ഞാൽ താമസം കൂടാതെ വിധി പറയണമെന്നതാണ്. പക്ഷേ മാസങ്ങൾ കഴിഞ്ഞാണ് സാബിത്ത് വധക്കേസിൽ വിധി പറഞ്ഞത്. വിചാരണ കഴിഞ്ഞ ശേഷം ഒന്നര മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തിന് വിരുദ്ധമായി പല തവണ വിധി മാറ്റിവെച്ച് നാലു മാസത്തിനു ശേഷം 2019 മെയ് 16 നാണ് വിധി പറഞ്ഞത്. ജില്ലാ കോടതി വിധിക്കെതിരെ സാബിത്തിന്റെ മാതാവ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഈ അപ്പീൽ ഫയൽ സ്വീകരിച്ച കോടതി പ്രതികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായിട്ടുണ്ടെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വിധിന്യായത്തിലെ പാകപ്പിഴവിനെതിരെ ഏതറ്റം വരെയുള്ള നിയമപോരാട്ടത്തിനും ആക്ഷൻ കമ്മിറ്റി ശ്രമിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
തുടക്കത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും ചില പാകപ്പിഴവുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കുറ്റമറ്റ രീതിയിലാണ് പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിധി ന്യായത്തിൽ പോലും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും മികച്ച രീതിയിൽ കേസ് കൈകാര്യം ചെയ്തതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോടതിയുടെ വിധി എന്തുകൊണ്ട് അനുകൂലമായില്ലെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഹാരിസ് ചൂരി, ജനറൽ കൺവീനർ മഹ്മൂദ് വട്ടയക്കാട്, ട്രഷറർ ടി.ഇ.അബ്ദുർ റഹ്മാൻ, ഷൗക്കത്ത് കാളിയങ്ങാട്, നാസർ പി.എം മീപ്പുഗിരി, ബഷീർ.കെ മീപ്പുഗിരി, സുബൈർ ചൂരി, ജുനൈദ് ചൂരി, ഷംസീർ.ടി.ബി, ഇഖ്ബാൽ അഹമ്മദ്, സൈനുദ്ദീൻ ചൂരി എന്നിവർ സംബന്ധിച്ചു.


 

Latest News