Sorry, you need to enable JavaScript to visit this website.

കശ്മീര്‍ ബില്‍ ലോക്‌സഭയും പാസാക്കി; നോട്ട്‌നിരോധം പോലെയെന്ന് പ്രതിപക്ഷം

ന്യൂദല്‍ഹി- പ്രതിപക്ഷ നിരയില്‍നിന്നു ഒറ്റ തിരിഞ്ഞുള്ള എതിര്‍പ്പുകള്‍ മറികടന്ന് ജമ്മു കശ്മീരിനെ വിഭജിക്കുന്ന പുനഃസംഘടന ബില്‍ ലോക്‌സഭയും പാസാക്കി. 70 നെതിരേ 370 വോട്ടുകള്‍ നേടിയാണ് ബില്‍ ലോക്‌സഭയില്‍ പാസായത്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പാക്കധീന കശ്മീരും ചൈനയുടെ പക്കലുള്ള അക്‌സായി ചിനും ജമ്മു കശ്മീരിന്റെ ഭാഗമാണെന്നു ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രി ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേകാവകാശം എടുത്തുകളഞ്ഞ രാഷ്ട്രപതിയുടെ ഉത്തരവ് അംഗീകരിക്കുന്നതിനുള്ള പ്രമേയവും അവതരിപ്പിച്ചു സംസാരിച്ചത്. ചരിത്രപരമായ വിഡ്ഢിത്തം എന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി ചരിത്രപരമായ ഒരു വിഡ്ഢിത്തത്തെ തിരുത്തുകയാണെന്നു അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അമിത് ഷാ പറഞ്ഞു. 370 ാം അനുഛേദം ജമ്മു കശ്മീരിനും ഇന്ത്യക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു മതില്‍ ആയിരുന്നു എന്നും അതില്ലാതായി എന്നുമായിരുന്നു അമിത് ഷായുടെ അവകാശവാദം. ബി.ജെ.പിയോ നരേന്ദ്ര മോഡിയോ പാക്കധീന കശ്മീരിനെ ഒരു കാലത്തും കൈവിടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
പാക്കധീന കശ്മീരിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയാണ് ചര്‍ച്ചക്ക് മറുപടി പറയവേ അമിത് ഷാ സംസാരിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ഭരണഘടനയുടെ 371 ാം അനുഛേദം ഇല്ലാതാക്കുക എന്നത് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ജനങ്ങളുമായി സംവദിക്കാതെയാണ് വിഭജന തീരുമാനം അടിച്ചേല്‍പിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിനും ഷാ മറുപടി നല്‍കി. മൂന്നു തലമുറകളായി ആശയ വിനിമയം നടത്തിയിട്ട് എന്തു ഫലമുണ്ടായി എന്നായിരുന്നു ഉത്തരത്തിന് പകരം ഷായുടെ മറുചോദ്യം. അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ചവര്‍ക്ക് ഒറ്റ രാത്രി കൊണ്ട് സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശം ആക്കുന്നത് ചോദ്യം ചെയ്യാനുള്ള അവകാശമില്ല. ജമ്മു കശ്മീരില്‍ സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയതും കര്‍ഫ്യൂ പ്രഖ്യാപിച്ചതും.
370 ാം അനുഛേദം തടസ്സമായിരുന്നതു കൊണ്ടാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന് പോലും കശ്മീരിലേക്ക് കടക്കാന്‍ കഴിയാതിരുന്നതെന്നു അമിത് ഷാ ചൂണ്ടിക്കാട്ടി. മൂന്നു കുടുംബങ്ങളുടെ ശ്രമം കാരണം പഞ്ചായത്തീരാജ് പോലും നടപ്പാക്കാനായില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് എം.പി മനീഷ് തിവാരിയാണ് ബില്ലിനെ എതിര്‍ത്തു ചര്‍ച്ചക്കു തുടക്കമിട്ടത്. അമിത്ഷാ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ എന്‍.കെ. പ്രേമചന്ദ്രന്‍ ബില്ലിനെ താന്‍ എതിര്‍ക്കുന്നു എന്നു വ്യക്തമാക്കി. ബില്ലിനെ മോഡി സര്‍ക്കാരിന്റെ ചരിത്രപരമായ മൂന്നാമത്തെ വിഡ്ഢിത്തം എന്നാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി വിശേഷിപ്പിച്ചത്.
ബില്ലിനെ എതിര്‍ത്തു സംസാരിച്ച ശശി തരൂര്‍ നാഷണല്‍ കോണ്‍ഫറന്‍സ് എം.പി ഫാറൂഖ് അബ്ദുല്ല എവിടെയെന്നു ചോദിച്ചു. അദ്ദേഹം വീട്ടില്‍ ആഹ്ലാദവാനായിരിക്കുന്നു എന്നായിരുന്നു അമിത്  ഷായുടെ മറുപടി. സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ട് ബില്ല് അനായാസം പാസാകും. എന്നാല്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യയുമായുള്ള ഭരണഘടനാപരമായ ബന്ധം അവരോട് കൂടിയാലോചന നടത്താതെ എടുത്ത തീരുമാനത്തില്‍ വിഛേദിച്ചു കളഞ്ഞിരിക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ഈ തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ വിശദീകരിക്കാതിരുന്നതെന്താണെന്നും തരൂര്‍ ചോദ്യമുന്നയിച്ചു. നോട്ട് നിരോധം അടിച്ചേല്‍പിച്ചത് പോലെയാണ് ഈ തീരുമാനവും അടിച്ചേല്‍പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആരും ദേശീയതയെക്കുറിച്ചു പഠിപ്പിക്കേണ്ട കാര്യമില്ല. ഇന്ത്യാ വിഭജനത്തിന് ശേഷവും ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം ഇന്ത്യക്കുണ്ടായിരുന്നത് ഇതോടെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.

ജമ്മു കശ്മീര്‍ വിഭജന തീരുമാനത്തില്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഭരണഘടനാ ചട്ടങ്ങളോ പാര്‍ലമെന്ററി നടപടിക്രമങ്ങളോ പാലിച്ചില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കശ്മീരില്‍നിന്നുള്ള ഒരു ജനപ്രതിനിധിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാര്‍ ഭീകരരെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രം പ്രയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News