Sorry, you need to enable JavaScript to visit this website.

വിമാന നിരക്കുകൾ കുറഞ്ഞത്  രാജധാനിക്ക് തിരിച്ചടിയായി

കാസർകോട് - ദീർഘനാളത്തെ ആവശ്യത്തിനൊടുവിൽ രാജധാനി എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയിട്ടും യാത്രക്കാർ അത് പ്രയോജനപ്പെടുത്താതിരുന്നതിന് കാരണം കുറഞ്ഞ വിമാന നിരക്കുകൾ. കാസർകോട്ട് നിന്ന് ദൽഹിയിലേക്ക് രാജധാനിയുടെ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിന് 6885 രൂപയും സെക്കൻഡ് എസിക്ക് 4105 രൂപയുമാണ് നിരക്ക്. 
കണ്ണൂർ, മംഗളൂരു വിമാനത്താവളങ്ങളിൽ നിന്ന് ദൽഹിയിലേക്കുള്ള വിമാന നിരക്കും നാലായിരത്തിനും ആറായിരത്തിനും ഇടയ്ക്കാണ്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ പലപ്പോഴും വിമാന ടിക്കറ്റ് രാജധാനിയുടെ നിരക്കിനേക്കാൾ കുറയും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര നടത്തുന്നവർ മൂന്നു ദിവസമെടുക്കുന്ന രാജധാനി യാത്രയേക്കാൾ മണിക്കൂറുകൾ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാന യാത്രയേ തെരഞ്ഞെടുക്കൂ. കാസർകോട്ടുനിന്നുള്ള യാത്രക്കാരിലധികവും ഈ വിഭാഗത്തിൽ പെടുന്നവരാണ്. കുടുംബ സമേതം വിനോദയാത്ര പോകുന്നവരോ ദൂരസ്ഥലങ്ങളിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്കു പോകുന്നവരോ ആണ് മുമ്പ് രാജധാനിയെ കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത്. 
ഇപ്പോൾ കണ്ണൂർ വിമാനത്താവളം കൂടി വന്നതോടെ വിമാനയാത്രയുടെ അനുഭവം ആസ്വദിക്കുകയെന്ന ലക്ഷ്യത്തോടെ ഈ വിഭാഗവും കൂടുതലായി വിമാന യാത്രയിലേക്കു മാറി. ഫെബ്രുവരി 18 മുതൽ ആറു മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ രാജധാനിക്ക് കാസർകോട് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ഈ കാലയളവിൽ ആവശ്യത്തിനു യാത്രക്കാരെ ലഭിക്കാതിരുന്നതിനാൽ സ്റ്റോപ്പ്  നിർത്തുന്നതിനു മുന്നോടിയായി ഈ മാസം 23 മുതൽ കാസർകോട് സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് റിസർവേഷൻ അനുവദിക്കേണ്ടതില്ലെന്ന് റെയിൽവേ നിർദേശം നൽകിയിരിക്കുകയാണ്. പലപ്പോഴും കാസർകോട്ട് നിന്ന് രാജധാനിയുടെ ഇരുപതിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ആഴ്ചയിൽ ബുക്ക് ചെയ്യുന്നത്. ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതിനാവശ്യമായ ഇന്ധനച്ചെലവിനുള്ള തുക പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് റെയിൽവേ അധികൃതർ സ്റ്റോപ്പ് നിർത്തലാക്കുന്നതിലേക്ക് നീങ്ങുന്നത്. തൊട്ടടുത്ത മംഗളൂരു ജംഗ്ഷനിലും രാജധാനിയുടെ ടിക്കറ്റ് ബുക്കിംഗ് താരതമ്യേന കുറവാണ്. വിമാനത്താവളം വന്നതിനു ശേഷം കണ്ണൂരിൽ നിന്നുള്ള ബുക്കിംഗുകളും ഗണ്യമായി കുറഞ്ഞു. തിരുവനന്തപുരത്തിനും നിസാമുദ്ദീനും ഇടയിൽ ഇപ്പോൾ 18 സ്റ്റോപ്പുകൾ മാത്രമാണ് രാജധാനിക്കുള്ളത്. കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ കാസർകോട്ട് സ്റ്റോപ്പ് അനുവദിച്ചത് രാജധാനിയെ സംബന്ധിച്ചിടത്തോളം താരതമ്യേന ചെറിയ ദൂരത്തിലായിരുന്നുവെന്നും റെയിൽവേ അധികൃതർ ചൂണ്ടിക്കാണിക്കുന്നു.  

 

Latest News