- 23 വർഷത്തിനിടെ സൗദി അറേബ്യ നൽകിയത് 9240 കോടി ഡോളർ സഹായം
മക്ക - ഇരുപത്തിമൂന്നു വർഷത്തിനിടെ സൗദി അറേബ്യ 84 രാജ്യങ്ങൾക്ക് ആകെ 9240 കോടി ഡോളറിന്റെ സഹായങ്ങൾ നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ വെളിപ്പെടുത്തി.
മക്കയിൽ നാൽപത്തിനാലാമത് ഹജ് സെമിനാറിന്റെ ഭാഗമായി, ശാസ്ത്രവും ഇസ്‌ലാമും സാമൂഹിക സേവനത്തിൽ എന്ന ശീർഷകത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഡോ. അബ്ദുല്ല അൽറബീഅ.
1996 മുതൽ 2019 വരെയുള്ള കാലത്താണ് ലോക രാജ്യങ്ങൾക്ക് സൗദി അറേബ്യ ഇത്രയും സഹായം നൽകിയത്. ലോക രാജ്യങ്ങളിൽ നിഷ്പക്ഷമായും സുതാര്യമായും പ്രൊഫഷനിലസത്തോടെയും റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് 2015 മെയ് 13 ന് ആണ് നിർദേശം നൽകിയത്.
44 രാജ്യങ്ങളിൽ 1050 റിലീഫ് പദ്ധതികൾ കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് ആകെ 354,23,62,000 ഡോളർ ചെലവഴിച്ചു. യെമനു മാത്രം 226 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ നൽകി. കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ നൽകിയ സഹായങ്ങളുടെ 63 ശതമാനവും യെമന് ആണ്. ഫലസ്തീന് 35.5 കോടിയിലേറെ ഡോളറിന്റെയും സിറിയക്ക് 27.7 കോടിയിലേറെ ഡോളറിന്റെയും സോമാലിയക്ക് 18 കോടിയിലേറെ ഡോളറിന്റെയും പാക്കിസ്ഥാന് 11.6 കോടിയിലേറെ ഡോളറിന്റെയും ഇന്തോനേഷ്യക്ക് 7.1 കോടി ഡോളറിന്റെയും ഇറാഖിന് 2.67 കോടിയിലേറെ ഡോളറിന്റെയും ലബനോന് 2.48 കോടി ഡോളറിന്റെയും അഫ്ഗാനിസ്ഥാന് 2.2 കോടി ഡോളറിന്റെയും മ്യാന്മറിന് 1.8 കോടി ഡോളറിന്റെയും സഹായങ്ങൾ കിംഗ് സൽമാൻ റിലീഫ് സെന്റൽ നൽകി. വനിതകളെ ലക്ഷ്യമിട്ട് 38.9 കോടി ഡോളർ ചെലവഴിച്ച് 225 പദ്ധതികൾ സെന്റർ നടപ്പാക്കി.
കുട്ടികൾക്കു വേണ്ടി 224 പദ്ധതികൾ നടപ്പാക്കുന്നതിന് 52.9 കോടി ഡോളർ സെന്റർ നീക്കിവെച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 1.2 കോടി അഭയാർഥികൾക്ക് സൗദി അറേബ്യ അഭയം നൽകുന്നു.
ലോകത്ത് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ച രാജ്യം സൗദി അറേബ്യയാണ്. യെമനിൽ നിന്നുള്ള 5,61,911 ഉം സിറിയയിൽനിന്നുള്ള 2,62,573 ഉം മ്യാന്മറിൽനിന്നുള്ള 2,49,669 ഉം അഭയാർഥികൾ രാജ്യത്തുണ്ട്. ലോക രാജ്യങ്ങൾക്ക് സൗദി അറേബ്യ നൽകുന്ന സഹായങ്ങളുടെ സൂക്ഷ്മമായ വിവരങ്ങൾ ലഭ്യമാക്കുന്ന പോർട്ടൽ കിംഗ് സൽമാൻ റിലീഫ് സെന്റർ സ്ഥാപിച്ചുവരികയാണ്.
2007 മുതൽ ഇതുവരെയുള്ള കാലത്ത് വിദേശ രാജ്യങ്ങൾക്ക് നൽകിയ സഹായങ്ങളുടെയും 1996 മുതൽ ഇതുവരെ നൽകിയ വിദേശ സഹായങ്ങളുടെയും 1975 മുതൽ ഇതുവരെ വിദേശ രാജ്യങ്ങൾക്ക് നൽകിയ സഹായങ്ങളുടെയും വിശദവും കൃത്യവുമായ വിവരങ്ങൾ മൂന്നു ഘട്ടങ്ങളായി പോർട്ടലിൽ ലഭ്യമാക്കുന്നതിനാണ് ശ്രമം.
സയാമീസ് ഇരട്ടകളെ ഓപറേഷനിലൂടെ വേർപെടുത്തുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ഇരുപത്തിയൊമ്പതു വർഷത്തിനിടെ മൂന്നു ഭൂഖണ്ഡങ്ങളിൽപെട്ട ഇരുപതു രാജ്യങ്ങളിൽ നിന്നുള്ള 106 സയാമീസ് ഇരട്ടകളുടെ കേസുകൾ സൗദി അറേബ്യ പഠിച്ചിട്ടുണ്ട്. 47 സയാമീസ് ഇരട്ടകളെ ഇതിനകം വിജയകരമായി വേർപെടുത്തി. ലോകത്തെ മികച്ച മെഡിക്കൽ ജീവകാരുണ്യ പദ്ധതികളിൽ ഒന്നായി സയാമീസ് ഇരട്ടകളെ ഓപറേഷനിലൂടെ വേർപെടുത്തുന്നതിനുള്ള ദേശീയ പദ്ധതി മാറിയിട്ടുണ്ട്.
2007 ൽ സൗദി അറേബ്യ വേർപെടുത്തിയ കാമറൂൺ സയാമീസ് ഇരട്ടകളുടെ മാതാപിതാക്കൾ ഇസ്‌ലാം ആശ്ലേഷിച്ചു. ഇവർക്കു പിന്നാലെ സയാമീസ് ഇരട്ടകളുടെ ഗ്രാമം മുഴുവൻ ഇസ്‌ലാം ആശ്ലേഷിച്ചു. 2018 ൽ ഓപറേഷനിലൂടെ വേർപെടുത്തിയ ടാൻസാനിയൻ സയാമീസ് ഇരട്ടകളുടെ മാതാപിതാക്കളും ഇസ്‌ലാം ആശ്ലേഷിച്ചു. ഓപറേഷൻ വിജയകരമായതിനെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ താൻ തന്നെയാണ് അവർക്ക് സത്യസാക്ഷ്യവാക്യം ചൊല്ലിക്കൊടുത്തത്.
ഇസ്‌ലാമിന്റെ യഥാർഥ ചിത്രമാണ് സൗദി അറേബ്യയും ഇവിടുത്തെ ഭരണാധികാരികളും ജനങ്ങളും പ്രതിഫലിപ്പിക്കുന്നതെന്ന് ടാൻസാനിയൻ സയാമീസ് ഇരട്ടകളുടെ മാതാപിതാക്കൾ പറഞ്ഞു.
ഇസ്‌ലാം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. ഇസ്‌ലാമിന്റെയും സൗദി അറേബ്യയുടെയും ശോഭനമായ ചിത്രം ലോകത്തിനു മുന്നിൽ എടുത്തുകാട്ടുന്നതിനാണ് സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയാ പദ്ധതി നടപ്പാക്കുന്നതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.