തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് മരിച്ച കേസിലെ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം ഹാജരാക്കണമെന്ന് കോടതി. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ചോദ്യം ഉന്നയിച്ചത്. ഉച്ചക്ക് രണ്ടരക്ക് മുന്നേ ഹാജരാക്കാനാണ് നിര്‍ദ്ദേശം. മാധ്യമ പ്രവർത്തകൻ കെ.എം.മുഹമ്മദ് ബഷീർ വാഹനപകടത്തിൽ മരിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ശ്രീറാം. തെളിവ് ശേഖരിക്കാൻ ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതേസമയം, ഫൊറൻസിക് തെളിവ് ശേഖരിക്കൽ പോലീസ് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. മൂന്നു ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളം എടുത്തിട്ടില്ല. പരിക്കുണ്ടെന്നാണ് കാരണം പറയുന്നത്. എന്നാൽ ജാമ്യഹരജിയിൽ ശ്രീറാം സ്വയം ഒപ്പിട്ടിട്ടുമുണ്ട്. വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് വിരലടയാളം എടുക്കുന്നത്. ഒരു കയ്യിൽ പരിക്കും മറുകയ്യിൽ ഡ്രിപ്പുമുള്ളതിനാൽ വിരലടയാളം എടുക്കാനാകില്ലെന്നായിരുന്നു കിംസിൽനിന്ന് ഡോക്ടർമാർ പറഞ്ഞത്.
304 എ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ മാധ്യമ സമ്മർദ്ദത്താൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി 304 ചേർത്തു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
ഐപിസി 304എ പ്രകാരമായിരുന്നു പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ തുടരന്വേഷണത്തിൽ ഐപിസി 304 കൂടി ചേർത്ത റിപ്പോർട്ടുമായാണ് വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പരിശോധിച്ചതിൽ മദ്യത്തിന്റെ അംശം ഇല്ലെന്നാണ് പരിശോധനാ ഫലം. രക്ത പരിശോധനക്ക് സാമ്പിൾ എടുക്കാൻ മണിക്കൂറുകൾ വൈകിയതിനാലാണ് മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിക്കാതെ പോയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.