ന്യൂദൽഹി- ജമ്മു കശ്മീരിൽ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതിൽ നിന്നും ആർക്കും സർക്കാരിനെ തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോൾ താൻ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങൾ കരുതുന്നില്ലേ എന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയോട് ്അമിത് ഷാ ആക്രോശിക്കുകയും ചെയ്തു. നിങ്ങൾ പാക് അധീന കശ്മീരിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും നിങ്ങൾ എല്ലാ നിയമങ്ങളും ലംഘിക്കുകയും ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌തെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
കശ്മീരുമായി ബന്ധപ്പെട്ട ഈ രണ്ട് പ്രമേയങ്ങളും നമ്മുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുമെന്നും അമിത് ഷാ സഭയിൽ പറഞ്ഞു. ജമ്മുകശ്മീരിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള എല്ലാ അവകാശവും പാർലമെന്റിനുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി തിരിച്ചടിച്ചു. 'നിങ്ങൾ പാക് അധീന കശ്മീരിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങൾ എല്ലാ നിയമങ്ങളും ലംഘിച്ചുവെന്നും ചൗധരി പറഞ്ഞു.