ന്യൂദൽഹി- വീടിനു തീപിടിച്ചു കുട്ടികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. വടക്കു കിഴക്കൻ ദൽഹിയിൽ ഇന്നലെ രാത്രിയാണ് അപകടം. തീപിടുത്തത്തിൽ പതിനൊന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ജാമിഅഃ മില്ലിയ്യ ഇസ്‌ലാമിയ്യ സർവ്വകലാശാലക്ക് സമീപം ജനവാസം ശക്തമായ സാകിർ നഗറിൽ സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി എട്ട് ഫയർ റെസ്ക്യൂ ടീമുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ഏഴു കാറുകളും എട്ടു ബൈക്കുകളും കത്തി നശിച്ചു. വൈദ്യുത ബോക്സിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. സമീപ റൂമുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാൽ ദുരന്തത്തിന്റെ വ്യാപ്‌തി കുറക്കാൻ കഴിഞ്ഞു.