മക്ക - ഹജ് തീർഥാടകർക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് വിശുദ്ധ ഹറമിന്റെ മുറ്റത്ത് ഹറംകാര്യ വകുപ്പ് രണ്ടു മൊബൈൽ ക്ലിനിക്കുകൾ ലഭ്യമാക്കി. ഹറംകാര്യ വകുപ്പ് സാമൂഹിക സേവന വിഭാഗത്തിനു കീഴിലെ സന്നദ്ധ പ്രവർത്തന ഏകോപന വിഭാഗമാണ് സംസം ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് മൊബൈൽ ക്ലിനിക്കുകൾ ഒരുക്കിയിരിക്കുന്നത്.
ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 2708 തീർഥാടകർക്ക് മൊബൈൽ ക്ലിനിക്കുകൾ വഴി സേവനങ്ങൾ നൽകി. ഹജ് തീർഥാടകർക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്ന സംസം ചാരിറ്റബിൾ സൊസൈറ്റിക്ക് സന്നദ്ധ പ്രവർത്തന ഏകോപന വിഭാഗം മേധാവി റയാൻ അൽമസ്ഊദി നന്ദി പറഞ്ഞു. മൊബൈൽ ക്ലിനിക്കുകളുടെ സേവനം നിരവധി പേർക്ക് പ്രയോജനപ്പെടുന്നുണ്ട്.